വിശുദ്ധ മദർ തെരേസയുടെ കല്ലറയ്ക്കരികെ പ്രാർത്ഥനാപൂർവ്വം മാർക്കോ റൂബിയോ; ഇന്ത്യൻ പര്യടനത്തിന് കൊൽക്കത്തയിൽ ഭക്തിസാന്ദ്രമായ തുടക്കം

വിശുദ്ധ മദർ തെരേസയുടെ കല്ലറയ്ക്കരികെ പ്രാർത്ഥനാപൂർവ്വം മാർക്കോ റൂബിയോ; ഇന്ത്യൻ പര്യടനത്തിന് കൊൽക്കത്തയിൽ ഭക്തിസാന്ദ്രമായ തുടക്കം

കൊൽക്കത്ത: നാല് ദിവസത്തെ ഔദ്യോഗിക പര്യടനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കൻ വിദേശകാര്യ മന്ത്രി (സ്റ്റേറ്റ് സെക്രട്ടറി) മാർക്കോ റൂബിയോ കൊൽക്കത്തയിലെ 'മദർ ഹൗസ്' സന്ദർശിച്ചു. ശനിയാഴ്ച രാവിലെ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയ റൂബിയോയെയും സംഘത്തെയും ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ സ്വീകരിച്ചു. തുടർന്ന് സന്ദർശനത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് അദേഹം വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസിലേക്ക് എത്തിയത്.

മദർ ഹൗസിലെത്തിയ മാർക്കോ റൂബിയോ അവിടെയുള്ള സന്യാസിനികളുമായി കൂടിക്കാഴ്ച നടത്തുകയും വിശുദ്ധ മദർ തെരേസയുടെ മൃതശരീരം അടക്കം ചെയ്തിരിക്കുന്ന കല്ലറയ്ക്കരികെ ഭക്തി പൂർവം പ്രാർത്ഥിക്കുകയും ചെയ്തു. മദർ ഹൗസിൽ സന്യാസിനികളുമായി സംഭാഷണങ്ങളിൽ ഏർപ്പെട്ട് ഒരു മണിക്കൂറോളം ചിലവഴിച്ച ശേഷമാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള അനാഥാലയമായ 'നിർമ്മല ശിശു ഭവൻ' സന്ദർശിക്കാൻ യു.എസ് ഉന്നതതല സംഘം പുറപ്പെട്ടത്.

സന്ദർശനത്തിന് ശേഷം മദർ തെരേസയുടെ ലോക പ്രശസ്തമായ പ്രവർത്തനങ്ങളെയും മിഷണറീസ് ഓഫ് ചാരിറ്റി ഇന്നും സമൂഹത്തിൽ വഹിക്കുന്ന നിസ്തുലമായ പങ്കിനെയും മാർക്കോ റൂബിയോ അനുസ്മരിച്ചു.

"മദർ തെരേസ കാരുണ്യത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും ഒരു വലിയ പാരമ്പര്യമാണ് ലോകത്തിന് അവശേഷിപ്പിച്ചു പോയത്. ഇന്ന് മിഷണറീസ് ഓഫ് ചാരിറ്റി നേരിട്ട് സന്ദർശിക്കാനും പാർശ്വവത്കരിക്കപ്പെട്ടവർക്കായി അവർ ഇന്നും തുടരുന്ന മഹത്തായ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്."- മാർക്കോ റൂബിയോ പറ‍ഞ്ഞു.

ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചതിങ്ങനെ: "യു.എസ്-ഇന്ത്യ പങ്കാളിത്തം കേവലം തന്ത്രപ്രധാനമായ നയങ്ങളിൽ മാത്രമല്ല അധിഷ്ഠിതമായിരിക്കുന്നത്, മറിച്ച് ഇരുരാജ്യങ്ങളും പങ്കിടുന്ന മാനുഷിക മൂല്യങ്ങളിലും അതിർത്തികൾക്കപ്പുറമുള്ള നിസ്വാർത്ഥ സേവനത്തിന്റെ മനോഭാവത്തിലുമാണ്."

അതേസമയം മുൻകാലങ്ങളിൽ മദർ തെരേസയ്ക്കെതിരെയും മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെയും കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ഉയർന്നുവന്ന ചില വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ വിദേശകാര്യ മന്ത്രിയുടെ ഈ മദർ ഹൗസ് സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.