'പ്രതിപക്ഷ നേതാവ് പിണറായി തന്നെ; പുനപരിശോധനയില്ല': നിലപാട് വ്യക്തമാക്കി എം.വി ഗോവിന്ദന്‍

'പ്രതിപക്ഷ നേതാവ് പിണറായി തന്നെ; പുനപരിശോധനയില്ല': നിലപാട് വ്യക്തമാക്കി എം.വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതില്‍ പുനപരിശോധനയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

കനത്ത പരാജയത്തിനിടയിലും പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതില്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടി യോഗങ്ങളിലെ വിമര്‍ശനങ്ങള്‍ എന്ന് പറയുന്ന പലതും മാധ്യമ സൃഷ്ടിയാണെന്നാണ് എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയത്.

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകട്ടെ എന്നത് സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠമായ തീരുമാനം ആണ്. പിബിയുടെ അംഗീകാരം വാങ്ങിയതുമാണ്. ഇനി പുനപരിശോധന ഇല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

സിപിഎം സെക്രട്ടറിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ 'തങ്ങളെ അല്ലാതെ പിന്നെ ആരെ വിമര്‍ശിക്കാന്‍' എന്നാണ് എം.വി ഗോവിന്ദന്‍ ചോദിച്ചത്. നിര്‍ഭയമായി അഭിപ്രായം പറയണം എന്നാണ് സഖാക്കള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശമെന്നും അദേഹം പറഞ്ഞു.

എറണാകുളം ജില്ലയില്‍ മലയിടംതുരുത്തിലെ ഭൂമി ഒഴിപ്പിക്കല്‍ നീക്കത്തെ എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണെന്ന് രേഖയിലുള്ള സ്ഥലമാണ് അതെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഓഫീസുകളെ സ്വാധീനിച്ച് വളരെ പ്രധാനപ്പെട്ട ആളുകള്‍ ഭൂമിക്ക് ആധാരം ഉണ്ടാക്കിയെടുക്കുകയായിരുന്നുവെന്നും അദേഹം ആരോപിച്ചു.

ആ ഭൂമിയില്‍ ആര്‍ക്കും പട്ടയം ഇല്ല. അതിന്റെ ഭാഗമായിട്ടാണ് രണ്ടരയേക്കര്‍ സ്ഥലത്ത് എട്ട് പട്ടിക ജാതി കുടുംബങ്ങള്‍ താമസിക്കുന്നത്. അവര്‍ക്കും പട്ടയം ഇല്ല. ഇവര്‍ക്കെല്ലാം പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികളേക്ക് വരികയായിരുന്നു.

കക്ഷിരാഷ്ട്രീയ വ്യത്യാസം ഇല്ലാതെ പുറമ്പോക്കില്‍ താമസിക്കുന്ന പാവപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കണമെന്ന ആവശ്യം പതിറ്റാണ്ടുകളായി മുന്നോട്ട് വെച്ച പ്രസ്ഥാനമാണ് കര്‍ഷക തൊഴിലാളി പ്രസ്ഥാനം. പുറമ്പോക്ക് ഭൂമിയില്‍ പണിയെടുത്ത് ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ക്രൂരമായ മര്‍ദനത്തിന് വിധേയരാക്കി ഒഴിപ്പാക്കാനാണ് നീക്കം നടന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.