സത്യപ്രതിജ്ഞാ ചടങ്ങിലെ ചട്ട ലംഘനം: സഭയില്‍ ഭരണപക്ഷത്തെ നേരിടാന്‍ പ്രതിപക്ഷം; രണ്ട് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കും

സത്യപ്രതിജ്ഞാ ചടങ്ങിലെ ചട്ട ലംഘനം: സഭയില്‍ ഭരണപക്ഷത്തെ നേരിടാന്‍ പ്രതിപക്ഷം; രണ്ട് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കും

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ ഉറച്ച് പ്രതിപക്ഷം. രണ്ട് ഭരണപക്ഷ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയില്‍ ഗുരുതരമായ ചട്ട ലംഘനം നടന്നിട്ടുണ്ടെന്നും ഇവ റദ്ദാക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ഇതിനുപുറമേ സഭയിലെ അച്ചടക്ക ലംഘനവും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും.

ഭരണഘടനയുടെ അനുച്ഛേദം 188 അനുസരിച്ച് നിശ്ചിത മാതൃകയിലുള്ള സത്യവാചകം മാത്രമേ അംഗങ്ങള്‍ ചൊല്ലേണ്ടതുള്ളൂ. എന്നാല്‍ രണ്ട് നിയുക്ത എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ വേളയില്‍ ഈ ചട്ടങ്ങളുടെ ലംഘനം ഉണ്ടായതായാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്.
ആലുവ മണ്ഡലത്തില്‍ നിന്നുള്ള അന്‍വര്‍ സാദത്ത് ഔദ്യോഗിക സത്യവാചകത്തിന് ഒടുവില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി 'എന്റെ പ്രിയപ്പെട്ട ആലുവക്കാര്‍ക്കുള്ള നന്ദിയും രേഖപ്പെടുത്തുന്നു' എന്ന വാചകം കൂട്ടിച്ചേര്‍ത്തത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം വാദിക്കുന്നു. ഭരണഘടനാപരമായി ശപഥത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ അംഗങ്ങള്‍ക്ക് അവകാശമില്ല.

രക്തസാക്ഷി ഫണ്ട് വിവാദത്തെത്തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെടുകയും പിന്നീട് യുഡിഎഫ് പിന്തുണയോടെ പയ്യന്നൂരില്‍ നിന്നും വിജയിച്ച വി. കുഞ്ഞികൃഷ്ണന്റെ സത്യപ്രതിജ്ഞയാണ് രണ്ടാമത്തേത്. അദേഹം സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രോടെം സ്പീക്കര്‍ ജി. സുധാകരന്‍ ഡയസില്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ കണ്ടെത്തല്‍. പ്രോടെം സ്പീക്കറുടെ സാന്നിധ്യത്തിലല്ലാതെ നടക്കുന്ന പ്രതിജ്ഞയ്ക്ക് നിയമസാധുതയില്ലെന്നാണ് ഇവരുടെ നിലപാട്.

ഭരണഘടനാ വ്യവസ്ഥ (അനുച്ഛേദം 188) പ്രകാരം വ്യവസ്ഥാപിതമായി നിശ്ചയിച്ചിട്ടുള്ള സത്യവാചകങ്ങളില്‍ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാനോ ഒഴിവാക്കാനോ അംഗങ്ങള്‍ക്ക് അനുമതിയില്ല. ഇതില്‍ വ്യതിചലനം ഉണ്ടായാല്‍ പ്രതിജ്ഞ അസാധുവാകുകയും അംഗത്തിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരികയും ചെയ്യും.

സത്യപ്രതിജ്ഞാ ചടങ്ങിനിടെ സന്ദര്‍ശക ഗാലറിയില്‍ നിന്ന് ഉയര്‍ന്ന കൈയടിയും ആര്‍പ്പുവിളികളും സഭാമര്യാദകളുടെ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭയ്ക്കുള്ളിലെ അച്ചടക്കം ഉറപ്പാക്കുന്നതില്‍ ഭരണപക്ഷം പരാജയപ്പെട്ടുവെന്ന വിമര്‍ശനം വരും ദിവസങ്ങളില്‍ ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം.

ഇരു എംഎല്‍എമാരുടെയും സത്യപ്രതിജ്ഞ റദ്ദാക്കി വീണ്ടും ചടങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കും. ഈ വിഷയത്തില്‍ സ്പീക്കര്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും വരും ദിവസങ്ങളില്‍ നിയമസഭയിലെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലുകളുടെ ഗതി നിര്‍ണയിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.