വാഹന മോഡിഫിക്കേഷന്‍ ഇളവ്: സര്‍ക്കാരിന് മുന്നില്‍ ഹൈക്കോടതി പൂട്ടും നിയമക്കുരുക്കും

വാഹന മോഡിഫിക്കേഷന്‍ ഇളവ്: സര്‍ക്കാരിന് മുന്നില്‍ ഹൈക്കോടതി പൂട്ടും നിയമക്കുരുക്കും

കൊച്ചി: യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായ വാഹന മോഡിഫിക്കേഷന്‍ ഇളവുകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത വെല്ലുവിളി നേരിടും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ കര്‍ശന വ്യവസ്ഥകളും രൂപ മാറ്റങ്ങള്‍ക്കെതിരെയുള്ള ഹൈക്കോടതിയുടെ തുടര്‍ച്ചയായ ഇടപെടലുകളുമാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന തടസം.

അപകടകരമല്ലാത്ത രീതിയിലുള്ള രൂപ മാറ്റങ്ങള്‍ അനുവദിക്കുമെന്നാണ് പ്രകടന പത്രികയിലെ ഉറപ്പെങ്കിലും കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 52-ാം വകുപ്പും 2019 ലെ സുപ്രീം കോടതി ഉത്തരവും ഇത്തരം പരിഷ്‌കാരങ്ങളെ കര്‍ശനമായി വിലക്കുന്നുണ്ട്.

അനുവദനീയമായ മോഡിഫിക്കേഷനുകള്‍ ഏതൊക്കെയെന്ന് കൃത്യമായി തരംതിരിച്ച് പ്രത്യേക വിജ്ഞാപനം ഇറക്കാനാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നിലവില്‍ ആലോചിക്കുന്നത്. എന്നാല്‍ നിയമപരമായ സുരക്ഷിതത്വം ഉറപ്പാക്കാതെ കൊണ്ടു വരുന്ന ഏതൊരു ഇളവും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

വിനോദ സഞ്ചാര ബസുകളിലെ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍, നിയമ വിരുദ്ധമായ റോഡ് ഷോകള്‍ എന്നിവയ്ക്കെതിരെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസുകള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. നിലവില്‍ ഭിന്നശേഷിക്കാര്‍ക്കായി മാറ്റം വരുത്തുന്ന മുച്ചക്ര വാഹനങ്ങള്‍ക്ക് പോലും കര്‍ശനമായ പ്രത്യേക അനുമതി ആവശ്യമാണ്.

വാഹനങ്ങളില്‍ നിയമ വിരുദ്ധമായി വലിയ രൂപ മാറ്റങ്ങള്‍ വരുത്തിയാല്‍ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. കൂടാതെ വാഹന ഉടമയ്ക്ക് 5000 രൂപ പിഴയും ഈടാക്കും. കൂടാതെ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന വാഹനങ്ങളുടെ ആര്‍സി, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ റദ്ദാക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യാം. ഇത്തരം വാഹനങ്ങള്‍ തുടര്‍ നടപടികള്‍ക്കായി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം. മാനദണ്ഡങ്ങള്‍ ലംഘിച്ച് വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന അധികമുള്ള ഓരോ ലൈറ്റിനും 500 രൂപ വീതം പിഴ ഈടാക്കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശമുണ്ട്. ശബ്ദ-വായു മലിനീകരണത്തിനെതിരെയും കര്‍ശന നടപടിയുണ്ടാകും.

സൈബര്‍ ഇടങ്ങളില്‍ വാഹനങ്ങള്‍ വൈറലാക്കാന്‍ നിയമവിരുദ്ധ രൂപ മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും മുന്‍പ് നടപടിയുണ്ടായിട്ടുണ്ട്. ഇത്തരം ഉള്ളടക്കങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്.

ചുരുക്കത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇളവുകള്‍ പ്രഖ്യാപിച്ചാലും ഹൈക്കോടതിയുടെ കര്‍ശന നിരീക്ഷണമുള്ളതിനാല്‍ നിയമത്തിന്റെ വഴി അത്ര എളുപ്പമാകില്ലെന്നാണ് സൂചനകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.