ന്യൂഡല്‍ഹി: വര്‍ധിച്ചു വരുന്ന സാമ്പത്തിക അസംതൃപ്തി മൂലം ഒരു വര്‍ഷത്തിനുള്ളില്‍ മോഡി സര്‍ക്കാര്‍ താഴെ വീഴുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതൃത്വം.
രാഹുല്‍ ഗാന്ധി രാജ്യത്ത് അരാജകത്വവും ആഭ്യന്തര കലാപങ്ങളും സൃഷ്ടിച്ച് നരേന്ദ്ര മോഡി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണമാണ് ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നത്.
ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബിജെപിയെയും നേരിട്ട് പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയാത്തതിനാല്‍ രാഹുല്‍ ഗാന്ധിയും അദേഹത്തെ പിന്തുണക്കുന്ന 'ടൂള്‍കിറ്റ് ഗ്യാങും' രാജ്യത്ത് അക്രമങ്ങള്‍ അഴിച്ചുവിട്ട് ഭരണകൂടത്തെ താഴെയിറക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ആരോപിച്ചു.
ബിജെപി ദേശീയ വക്താവും എം.പിയുമായ സംപിത് പത്രയും രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വെറുമൊരു രാഷ്ട്രീയ പ്രവചനമല്ല. മറിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് പിന്നില്‍ വിദേശ ശക്തികളുടെ അജണ്ടയുണ്ടെന്നും അദേഹം ആരോപിച്ചു.
ആഗോള ശത കോടീശ്വരനായ ജോര്‍ജ്് സോറസിനെപ്പോലെ അന്താരാഷ്ട്ര തലത്തിലുള്ള തങ്ങളുടെ 'യജമാനന്മാരുടെ' നിര്‍ദേശപ്രകാരമാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യയുടെ വളര്‍ച്ചയെ തടസപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സംപിത് പത്ര ആരോപിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം ഉപദേശക സമിതി യോഗത്തിലാണ് മോഡി സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ താഴെ വീഴുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.
ഇതിന് പുറമെ നീറ്റ് യുജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി കടുത്ത ആക്രമണമാണ് നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇറ്റലി സന്ദര്‍ശനത്തിനിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് മിഠായി നല്‍കി വീഡിയോ പ്രചരിപ്പിച്ചതിനെയും രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.