ഗ്രീന്‍ കാര്‍ഡ്, എച്ച് വണ്‍ ബി നിയമങ്ങള്‍ ഇന്ത്യയെ ബാധിക്കില്ല; നിര്‍ണായക പ്രഖ്യാപനവുമായി യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ

ഗ്രീന്‍ കാര്‍ഡ്, എച്ച് വണ്‍ ബി നിയമങ്ങള്‍ ഇന്ത്യയെ ബാധിക്കില്ല; നിര്‍ണായക പ്രഖ്യാപനവുമായി യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ

ന്യൂഡല്‍ഹി: അമേരിക്കയുടെ പുതിയ കുടിയേറ്റ നയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ പ്രൊഫഷണലുകളിലും വിദ്യാര്‍ത്ഥികളിലും ഉണ്ടാക്കിയ ആശങ്കകളില്‍ അനുകൂലമായ ഇടപെടല്‍ നടത്തുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഡല്‍ഹിയില്‍ എത്തിയ അദേഹം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.

എച്ച് വണ്‍ ബി വിസ, ഗ്രീന്‍ കാര്‍ഡ് നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ഇന്ത്യയെ ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദേഹം വ്യക്തമാക്കി. അമേരിക്കന്‍ വിസ ചട്ടങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആഗോളതലത്തിലുള്ള പൊതുവായ നവീകരണ പ്രക്രിയയുടെ ഭാഗമാണ്. അത് ഒരിക്കലും ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്ന് അദേഹം പറഞ്ഞു.

താല്‍കാലിക വിസകളില്‍ യു.എസിലുള്ളവര്‍ ഗ്രീന്‍ കാര്‍ഡിനായി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയി അവിടുത്തെ കോണ്‍സുലേറ്റുകള്‍ വഴി മാത്രമേ നടപടികള്‍ പൂര്‍ത്തിയാക്കാവൂ എന്ന പുതിയ നിബന്ധന ഇന്ത്യന്‍ ഐടി ജീവനക്കാരില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. ഈ വിഷയം ഇന്ത്യ യോഗത്തില്‍ അതീവ ഗൗരവത്തോടെ ഉന്നയിച്ചു. വിസ അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ പുതിയ വിസ ഷെഡ്യൂളിങ് സംവിധാനം ഉടന്‍ നടപ്പിലാക്കും. ഇത് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വലിയ ആശ്വാസമാകു. മാത്രമല്ല അമേരിക്കന്‍ വിപണിയുടെ സാങ്കേതിക വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ ഐടി ജീവനക്കാരുടെ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള സൗഹൃദം ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സുഗമമാക്കാന്‍ സഹായിക്കുന്നുണ്ട്. വിസ വിഷയങ്ങള്‍ക്ക് പുറമെ പ്രതിരോധ മേഖലയിലെ സഹകരണം, ഇന്‍ഡോ-പസഫിക് സുരക്ഷ, ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്തല്‍ എന്നിവയും നയതന്ത്ര ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളായിരുന്നു. പശ്ചിമേഷ്യന്‍ മേഖലയിലെ കടുത്ത സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള സമാധാന ശ്രമങ്ങളെക്കുറിച്ചും ഇരുനേതാക്കളും വിശദമായി സംസാരിച്ചു.

വിസ അപേക്ഷകള്‍ വേഗത്തില്‍ പ്രോസസ് ചെയ്യുന്നതിനായി കോണ്‍സുലേറ്റുകളുടെ ശേഷി വര്‍ധിപ്പിക്കാനും കൂടുതല്‍ നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനും അമേരിക്ക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. പ്രവാസികള്‍ നേരിടുന്ന അനിശ്ചിതത്വങ്ങള്‍ ഒഴിവാക്കാന്‍ വാഷിങ്ടണിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് വരും ദിവസങ്ങളിലും തുടര്‍ ചര്‍ച്ചകള്‍ നടത്തും. അമേരിക്കന്‍ വിസ ചട്ടങ്ങളില്‍ വരാന്‍ പോകുന്ന ഈ പുതിയ മാറ്റങ്ങള്‍ യു.എസ് ജോലി സ്വപ്നം കാണുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.