ശ്രീനഗര്‍: മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കാന്‍ ജമ്മു കാശ്മീര്‍ ഭരണകൂടം. പിടിക്കപ്പെട്ട 116 ഓളം പേരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കാനാണ് ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശയില്‍ ഉള്‍പ്പെട്ടവരില്‍ 94 പേര്‍ ജമ്മു സ്വദേശികളും 22 പേര്‍ കാശ്മീര്‍ താഴ്‌വരയില്‍ നിന്നുള്ളവരുമാണ്.
ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആരംഭിച്ച 'നശാ മുക്ത് ജമ്മു കാശ്മീര്‍' (ലഹരിവിമുക്ത ജമ്മു കാശ്മീര്‍) ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. ഏപ്രില്‍ 11 ന് ആരംഭിച്ച് 100 ദിവസത്തെ തീവ്ര യജ്ഞമായി മുന്നേറുന്ന ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം വലിയ നിയമനടപടികളാണ് താഴ്‌വരയില്‍ സ്വീകരിച്ചത്. വിവിധ ഇടങ്ങളിലായി 797 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 890 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലഹരിക്കടത്തിലൂടെയും കള്ളപ്പണത്തിലൂടെയും സമ്പാദിച്ചുവെന്ന് കണ്ടെത്തിയ 81 ആഡംബര കെട്ടിടങ്ങള്‍ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
കൂടാതെ കടത്തുകാര്‍ ഉപയോഗിച്ച 600 ലധികം വാഹനങ്ങളുടെ രജിസ്‌ട്രേഷനും 450 ലേറെ ഡ്രൈവിങ് ലൈസന്‍സുകളും റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനില്‍ സംഘടിപ്പിച്ച ബഹുജന പദയാത്രയ്ക്ക് മനോജ് സിന്‍ഹ നേരിട്ട് നേതൃത്വം നല്‍കിയിരുന്നു. അന്‍പതിനായിരത്തോളം ആളുകള്‍ പങ്കെടുത്ത പദയാത്രയില്‍ നാര്‍ക്കോ-ടെററിസത്തിനെതിരെ അദേഹം ശക്തമായ മുന്നറിയിപ്പ് നല്‍കി.
ഭീകരവാദ സംഘടനകള്‍ കാശ്മീരിലേക്ക് ലഹരി കടത്തുന്നത് ഇവിടുത്തെ യുവാക്കളെ നശിപ്പിക്കാന്‍ മാത്രമല്ല, അതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആയുധങ്ങള്‍ വാങ്ങാനാണെന്നും മനോജ് സിന്‍ഹ വ്യക്തമാക്കി. ആ ആയുധങ്ങള്‍ കൊണ്ടാണ് അവര്‍ സാധാരണക്കാരായ കാശ്മീരികളുടെ രക്തം ചിന്തുന്നത്. ലഹരി ശൃംഖലയെ പിന്തുണയ്ക്കുന്നവര്‍ ഉദ്യോഗസ്ഥരായാലും പൊതുപ്രവര്‍ത്തകരായാലും അവരെ വെച്ചുപൊറുപ്പിക്കില്ല. കര്‍ശനമായ നിയമനടപടി നേരിടേണ്ടി വരുമെന്നും അദേഹം പറഞ്ഞു.
അതേസമയം ലഹരിക്ക് അടിമപ്പെട്ട യുവാക്കളെ ക്രിമിനലുകളായി കാണാതെ അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി പുതിയ പുനരധിവാസ നയവും തൊഴില്‍ അവസരങ്ങളും ഉടന്‍ പ്രഖ്യാപിക്കുമെന്നും ഭരണകൂടം അറിയിച്ചു. കാശ്മീരിലെ സ്ത്രീ കൂട്ടായ്മകളും പ്രാദേശിക സംഘടനകളും ഉള്‍പ്പെടെ വലിയ ജനപിന്തുണയാണ് ഈ ലഹരി വിരുദ്ധ പോരാട്ടത്തിന് ഇപ്പോള്‍ താഴ്‌വരയില്‍ നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.