പ്രതിരോധ രംഗത്ത് വിപ്ലവം: തദ്ദേശീയ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാന നിര്‍മാണത്തിലേക്ക് ഇന്ത്യ; എച്ച്എഎല്ലിന് പകരം സ്വകാര്യ കമ്പനികള്‍

 പ്രതിരോധ രംഗത്ത് വിപ്ലവം: തദ്ദേശീയ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാന നിര്‍മാണത്തിലേക്ക് ഇന്ത്യ; എച്ച്എഎല്ലിന് പകരം സ്വകാര്യ കമ്പനികള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ രംഗത്ത് വിപ്ലവത്തിന് തുടക്കമിട്ട് രാജ്യത്തിന്റെ ആദ്യ തദ്ദേശീയ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധ വിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് നിര്‍മാണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി താല്‍പര്യ പത്രം പുറപ്പെടുവിച്ചു.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ പൂര്‍ണമായും ഒഴിവാക്കി ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തന്ത്ര പ്രധാനമായ യുദ്ധവിമാന പദ്ധതി പ്രതിരോധ മന്ത്രാലയം സ്വകാര്യ കമ്പനികള്‍ക്ക് മാത്രമായി തുറന്ന് നല്‍കുന്നത്. നിലവിലുള്ള വലിയ ഓര്‍ഡര്‍ ബാക്ക്ലോഗും മുന്‍കാല പദ്ധതികളിലെ കാലതാമസവും കണക്കിലെടുത്താണ് എച്ച്എഎല്ലിനെ പ്രോട്ടോടൈപ്പ് വികസന ഘട്ടത്തില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ കീഴിലുള്ള എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി തയാറാക്കിയ കര്‍ശനമായ സാമ്പത്തിക-സാങ്കേതിക മാനദണ്ഡങ്ങള്‍ മറികടന്ന മൂന്ന് പ്രമുഖ സ്വകാര്യ കണ്‍സോര്‍ഷ്യങ്ങളാണ് നിലവില്‍ മത്സര രംഗത്തുള്ളത്. മത്സര രംഗത്തുള്ള പ്രമുഖര്‍ തിരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ക്ക് വിശദമായ ബിഡുകള്‍ സമര്‍പ്പിക്കാന്‍ രണ്ടോ മൂന്നോ മാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്.

പുട്ടപര്‍ത്തിയില്‍ ഉയരുന്ന അത്യാധുനിക നിര്‍മാണ കേന്ദ്രം പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ധന സഹായത്തോടെയുള്ള ഈ പ്രോജക്ടിന്റെ പ്രോട്ടോ ടൈപ്പ് വികസനത്തിന് ഏകദേശം 15000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആന്ധ്രാ പ്രദേശിലെ പുട്ടപര്‍ത്തിയില്‍ 650 ഏക്കറിലായി നിര്‍മിക്കുന്ന അത്യാധുനിക ഇന്റഗ്രേഷന്‍ ആന്‍ഡ് ഫ്‌ളൈറ്റ് ടെസ്റ്റിഫ് കോംപ്ലക്‌സിലായിരിക്കും വിമാനത്തിന്റെ നിര്‍മാണം. ഈ പദ്ധതിക്കായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങും ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും ചേര്‍ന്ന് അടുത്തിടെ തറക്കല്ലിട്ടിരുന്നു. ഇവിടെ അഞ്ച് പറക്കുന്ന പ്രോട്ടോ ടൈപ്പുകളും ഒരു സ്ട്രക്ചറല്‍ ടെസ്റ്റ് വിമാനവുമാണ് നിര്‍മിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.