വാഷിങ്ടണ്‍: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ വിദേശ പൗരന്മാരെ ലക്ഷ്യമിട്ട്, അന്യഗ്രഹ ജീവികളുടെ പശ്ചാത്തലത്തില്‍ വിചിത്രമായ പ്രചാരണ പരിപാടികളുമായി ട്രംപ് ഭരണകൂടം. ഇതിനായി വൈറ്റ് ഹൗസ് ഔദ്യോഗികമായി പുറത്തിറക്കിയ 'Aliens.gov' എന്ന വെബ്സൈറ്റാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.
ഒറ്റ നോട്ടത്തില്‍ യുഎഫ്ഒ, അന്യഗ്രഹജീവികള്‍ എന്നിവയെക്കുറിച്ചുള്ള യു.എസ് സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വിടുന്ന സൈറ്റാണെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും അവരുടെ അറസ്റ്റ് രേഖപ്പെടുത്താനുമുള്ള ഒരു തത്സമയ ഡാഷ്ബോര്‍ഡാണ്.
പ്രശസ്തമായ സയന്‍സ് ഫിക്ഷന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍, കറുത്ത പശ്ചാത്തലത്തില്‍ തിളങ്ങുന്ന പച്ച അക്ഷരങ്ങളോടെയാണ് വെബ്സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
'അവര്‍ നമുക്കിടയില്‍ ജീവിക്കുന്നു' എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന സൈറ്റില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു:
'കഴിഞ്ഞ 60 വര്‍ഷമായി യു.എസ് ഗവണ്‍മെന്റ് അതീവ രഹസ്യമായി സൂക്ഷിച്ച ഒരു കാര്യമാണിത്. അന്യഗ്രഹജീവികള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. അവര്‍ നമ്മുടെ അയല്‍പക്കങ്ങളിലുണ്ട്, നമ്മുടെ കുട്ടികള്‍ പഠിക്കുന്ന അതേ ക്ലാസുകളില്‍ പഠിക്കുന്നു, നമ്മളോടൊപ്പം ജീവിക്കുന്നു. എന്നാല്‍ ഒരൊറ്റ വ്യത്യാസം മാത്രം അവര്‍ക്ക് ഇവിടെ ജീവിക്കാന്‍ അര്‍ഹതയില്ല.'
മുന്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിന് പകരം ഈ അധിനിവേശത്തിന് കൂട്ടുനിന്നുവെന്നും എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാത്രമാണ് ഇതിനെതിരെയുള്ള സത്യം വിളിച്ച് പറയാന്‍ ധൈര്യം കാണിച്ചതെന്നും വെബ്സൈറ്റ് അവകാശപ്പെടുന്നു.
അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ഒരു തത്സമയ ഹീറ്റ് മാപ്പ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്മെന്റ് നടത്തുന്ന അറസ്റ്റുകളുടെ എണ്ണം, അറസ്റ്റിലായവരുടെ രാജ്യം, അവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും. നിലവില്‍ ഈ ടിക്കറിലെ കണക്ക് 3.1 ദശലക്ഷം കടന്നിരിക്കുകയാണ്.
ഇതിനുപുറമേ സംശയാസ്പദമായ രീതിയില്‍ കാണപ്പെടുന്ന കുടിയേറ്റക്കാരെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിലേക്ക് വിവരങ്ങള്‍ കൈമാറാനുള്ള ഒരു ടിപ്പ് ബോക്‌സുംസൈറ്റിലുണ്ട്. ഒരു ഏലിയന്‍ തട്ടിക്കൊണ്ടുപോകലിന് (അതായത് അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുക്കുന്നതിന്) നിങ്ങള്‍ സാക്ഷ്യം വഹിച്ചാല്‍ ഭയപ്പെടേണ്ടതില്ലെന്നും അവരെ സുരക്ഷിതമായി സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കുമെന്നും സൈറ്റിന്റെ അവസാനം കുറിച്ചിരിക്കുന്നു.
അമേരിക്കന്‍ ഇംഗ്ലീഷില്‍ 'Alien' എന്ന വാക്ക് അന്യഗ്രഹജീവികളെ സൂചിപ്പിക്കാന്‍ മാത്രമല്ല, നിയമപരമായി മറ്റൊരു രാജ്യത്തെ പൗരന്മാരെ വിശേഷിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഈ വാക്കിന്റെ അര്‍ത്ഥ വ്യത്യാസത്തെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റി, കുടിയേറ്റക്കാരെ ഭയപ്പെടുത്തുന്ന ജീവികളായി ചിത്രീകരിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്.
ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും മെഡിക്കല്‍ അനാസ്ഥയും നടക്കുന്നതായി അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുമ്പോള്‍, ഭരണകൂടത്തിന്റെ ഈ പുതിയ നീക്കത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.