കേരളത്തിലെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പോയി കെട്ടിപ്പിടിക്കാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ എനിക്ക് കഴിയില്ല, ഞാന്‍ ചെയ്യില്ല. കാരണം അദേഹവുമായി എനിക്ക് രാഷ്ട്രീയപരമായ തര്‍ക്കമുണ്ട്. അത് തുടരുക തന്നെ ചെയ്യും.
ന്യൂഡല്‍ഹി: പഴയ രാഷ്ട്രീയ തന്ത്രങ്ങള്‍ ഇനി ഫലിക്കില്ലെന്നും പ്രതിരോധം മാത്രമേ നിലനില്‍പ്പിന് സഹായിക്കൂ എന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ സഖ്യ യോഗത്തിലെ പ്രസംഗത്തിലാണ് രാഹുല്‍ ഘടകകക്ഷികളെ ഇക്കാര്യം ഓര്‍മിപ്പിച്ചത്.
ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് സഖ്യ കക്ഷികള്‍ക്ക് ആത്മ വിശ്വാസം നല്‍കിയ രാഹുല്‍, മുന്നണിക്കുള്ളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ചും വിവരിക്കുന്ന പ്രസംഗം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടു.
ഇന്ത്യന്‍ ഭരണകൂടം ഒരു ന്യായമായ പോര്‍ക്കളം നല്‍കിയപ്പോള്‍ മാത്രമാണ് നേരത്തെയുള്ള തന്ത്രങ്ങള്‍ ഫലിച്ചിരുന്നത്. ആ പോര്‍ക്കളം ഇനിയില്ല.
നിയമ വ്യവസ്ഥ, ബ്യൂറോക്രസി, രഹസ്യാന്വേഷണ ഏജന്‍സികള്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ബിജെപി പിടിച്ചടക്കിയിരിക്കുകയാണെന്നും ഏതറ്റം വരെയും പ്രതിരോധിക്കണമെന്നും രാഹുല്‍ പറഞ്ഞു.
ചിന്താഗതി മാറണം. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കണം എന്ന ചിന്താഗതി ഇപ്പോള്‍ തന്നെ വേണം. നമ്മള്‍ പരസ്പരം പോരടിച്ച് മാധ്യമങ്ങള്‍ക്ക് ആക്രമിക്കാന്‍ അവസരം നല്‍കരുതെന്നും രാഹുല്‍ ഉപദേശിച്ചു.
തനിക്കെതിരെയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങളെയും താന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്.
'നിങ്ങള്‍ക്ക് എന്നെക്കുറിച്ചോ കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചോ എന്തുതന്നെ വിമര്‍ശനം ഉണ്ടെങ്കിലും അത് ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കും. നിങ്ങളുടെ സന്തോഷത്തിനായി ഞങ്ങള്‍ ശ്രമിക്കും. കാരണം, നിങ്ങളുടെ റോളില്‍ നിന്ന് ഞങ്ങളുടെ റോള്‍ അടിസ്ഥാനപരമായി വ്യത്യസ്തമാണ്.
ഞാന്‍ ഇത് അഹങ്കാരത്തോടെ പറയുന്നില്ല. പലരും പറഞ്ഞതുപോലെ, സ്നേഹത്തോടും വാത്സല്യത്തോടും നിങ്ങളെ എല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണ് ഞങ്ങളുടെ റോള്‍.
മറ്റ് എല്ലാ പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് കോണ്‍ഗ്രസ് രൂപം കൊണ്ടത്. ആധുനിക ഇന്ത്യ രൂപം കൊള്ളുന്നതിന് മുന്‍പുള്ള ഒരു പ്രതിരോധ പ്രസ്ഥാനമായാണ് ഈ പാര്‍ട്ടി രൂപം കൊണ്ടത്. എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന ആശയത്തെ സംരക്ഷിക്കുന്ന ഒരു പ്രതിരോധ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.
ആര്‍എസ്എസിന്റെ കാഴ്ചപ്പാടിനോട് ഞങ്ങള്‍ അടിസ്ഥാനപരമായി എതിരാണ്. ബിജെപിയുമായോ ആര്‍എസ്എസുമായോ കൂട്ടുചേരാനോ വിട്ടുവീഴ്ച ചെയ്യാനോ ഞങ്ങള്‍ തയ്യാറാകില്ല. ഈ രാജ്യത്ത് ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്, അവര്‍ പറയും 'ഞങ്ങളുടെ തലവെട്ടിക്കൊള്ളൂ, ഞങ്ങള്‍ ആര്‍എസ്എസിന് മുന്നില്‍ തലകുനിക്കില്ല എന്ന്'- രാഹുല്‍ വ്യക്തമാക്കി.
'ഏത് ഭാഗത്തുനിന്നും എന്തു വിമര്‍ശനവും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കാന്‍ തയ്യാറാണ്. കാരണം, എനിക്ക് ഇതൊരു ആത്മീയ കടമയാണ്. ഇതൊരിക്കലും രാഷ്ട്രീയം ആയിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നത്, ഈ കൂട്ടായ്മയെ ഒരുമിപ്പിച്ച് വിജയിപ്പിക്കാന്‍ ഞാന്‍ സഹിക്കേണ്ടി വരുന്ന എല്ലാ അപമാനങ്ങളും ഞാന്‍ സഹിക്കും.
മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ, നിയമ സംവിധാനം, ഉദ്യോഗസ്ഥ വൃന്ദം, രഹസ്യാന്വേഷണ ഏജന്‍സികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാം ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് സജ്ജീകരിച്ചിരിക്കുന്നത്.
ബിജെപിക്കെതിരെ പോരാടുമ്പോള്‍ സഖ്യ കക്ഷികള്‍ക്കിടയില്‍ പ്രാദേശികമായ വിയോജിപ്പുകള്‍ ഉണ്ടാകാം. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നാം ഫ്ളക്സിബിള്‍ ആയിരിക്കണം. ഇന്ത്യയെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഡിഎംകെയും ഒപ്പമുണ്ടാകുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്.
ഈ മുറിയിലുള്ള ഓരോരുത്തരും ഉണ്ടാകും. നമുക്ക് നമ്മുടെ തര്‍ക്കങ്ങളുണ്ട്. പക്ഷെ കേരളത്തിലെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പോയി കെട്ടിപ്പിടിക്കാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ എനിക്ക് കഴിയില്ല, ഞാന്‍ ചെയ്യില്ല. കാരണം അദേഹവുമായി എനിക്ക് രാഷ്ട്രീയപരമായ തര്‍ക്കമുണ്ട്. അതിനാല്‍ നമ്മള്‍ തിരിച്ചറിയണം.
ചര്‍ച്ചകളില്‍ നിരാശ പാടില്ല. ബിജെപിയെ എങ്ങനെ തോല്‍പ്പിക്കും എന്ന നിരാശയാണ് പലര്‍ക്കും. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയാം, നമ്മള്‍ ഒരുമിച്ച് നിന്ന് പ്രതിരോധിച്ചാല്‍ അവരെ തോല്‍പ്പിക്കാന്‍ എളുപ്പമാണ്. അവസാന തിരഞ്ഞെടുപ്പില്‍, ഈ മുറിയിലുള്ള ആരും, ഞാന്‍ ഒഴികെ, നമ്മള്‍ക്ക് ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ല.
ഇപ്പോള്‍ ഈ മുറിയിലുള്ള എല്ലാവരും അവരെ തോല്‍പ്പിക്കുമെന്ന് വിശ്വസിക്കണം. ആ വിശ്വാസത്തോടെ തുടങ്ങുക. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു, സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോറും, അവര്‍ ചതിച്ചാലും ചതിച്ചില്ലെങ്കിലും, അവര്‍ വീഴും'- രാഹുല്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.