മണ്‍സൂണ്‍ മേഘങ്ങള്‍ എങ്ങോട്ട് പോയി? രാജ്യത്ത് പെയ്യേണ്ട മഴയില്‍ 64 ശതമാനം കുറവ്; ആശങ്കയോടെ ഇന്ത്യ

മണ്‍സൂണ്‍ മേഘങ്ങള്‍ എങ്ങോട്ട് പോയി? രാജ്യത്ത് പെയ്യേണ്ട മഴയില്‍ 64 ശതമാനം കുറവ്; ആശങ്കയോടെ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പ്രതീക്ഷിച്ചതിലും കടുത്ത പ്രതിസന്ധിയിലേക്ക്. ദക്ഷിണ-മധ്യ സംസ്ഥാനങ്ങളിലേക്ക് മണ്‍സൂണ്‍ എത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ജൂണ്‍ നാല് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്ത് പെയ്യേണ്ട മഴയില്‍ 64 ശതമാനത്തിന്റെ വന്‍ കുറവാണാ ഉണ്ടായിരിക്കുന്നത്.

സാധാരണ ഈ സമയത്ത് 53.7 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 19.2 മില്ലീമീറ്റര്‍ മാത്രമാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ (INSAT-3DS) ജൂണ്‍ 15 ന് പുറത്തുവിട്ട ചിത്രങ്ങള്‍ ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. സജീവമായ ഒരു മണ്‍സൂണ്‍ കാലത്ത് രാജ്യം മുഴുവന്‍ മൂടിക്കിടക്കേണ്ട കാര്‍മേഘങ്ങള്‍ ഇപ്പോള്‍ കാണാനില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെയും മധ്യ ഇന്ത്യയുടെയും ഭൂരിഭാഗം പ്രദേശങ്ങളും അസാധാരണമാംവിധം മേഘങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.

ഹിമാലയന്‍ അതിര്‍ത്തികള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഇന്‍ഡോ-ഗംഗാ സമതലത്തിന്റെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ മാത്രമാണ് നിലവില്‍ മേഘസാന്നിധ്യമുള്ളത്. ഇതിനുപുറമേ അറബിക്കടലില്‍ നിന്നുള്ള മണ്‍സൂണ്‍ കാറ്റും ദുര്‍ബലമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യ ഇന്ത്യ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയിട്ടും മഴ പെയ്യാത്തതിന് കാരണം കടലിലെ ഈര്‍പ്പത്തിന്റെ കുറവല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടില്‍ സംഭവിച്ച അപ്രതീക്ഷിത മാറ്റങ്ങളാണ് ഇതിന് പിന്നില്‍. അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തുള്ള പടിഞ്ഞാറന്‍ ജെറ്റ് സ്ട്രീം എന്ന ശക്തമായ വായു പ്രവാഹം സാധാരണയേക്കാള്‍ തെക്കോട്ട് മാറി സഞ്ചരിക്കുന്നതാണ് പ്രധാന തടസം. ഇത് ഇന്ത്യയില്‍ മഴ മേഘങ്ങള്‍ രൂപപ്പെടാന്‍ സഹായിക്കുന്ന കിഴക്കന്‍ ജെറ്റ് സ്ട്രീമിനെ തടസപ്പെടുത്തുന്നു. ഇപ്പോള്‍ പടിഞ്ഞാറന്‍ കാറ്റുകള്‍ കൂടുതല്‍ ശക്തമായതുമൂലം മേഘ രൂപീകരണം തടസപ്പെടുകയും മഴ പെയ്യാതിരിക്കുകയും ചെയ്യുന്നു.

ഇപ്പോഴത്തെ മഴക്കുറവ് താല്‍കാലികം മാത്രമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതിനെ ഒരു മണ്‍സൂണ്‍ പോസ് അഥവാ കാലവര്‍ഷത്തിലെ ചെറിയൊരു ഇടവേളയായി മാത്രമേ കാണേണ്ടതുള്ളൂ. ഈ ആഴ്ച അവസാനത്തോടെ അന്തരീക്ഷ ക്രമീകരണങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അതിനുശേഷം രാജ്യത്ത് മഴ ക്രമേണ ശക്തമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.