കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശന്‍ വെള്ളിയാഴ്ച നിയമസഭയില്‍ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കും. സംസ്ഥാന ബജറ്റിന്റെ അവസാന ഘട്ട മിനുക്കു പണിയിലാണ് മുഖ്യമന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും.
വെള്ളിയാഴ്ച നടക്കുന്ന ബജറ്റ് അവതരണത്തിലൂടെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കവെ തന്നെ ധനകാര്യ വകുപ്പിന്റെ പൂര്‍ണമായ ചുമതല കൂടി സ്വന്തമായി വഹിച്ച് ബജറ്റ് അവതരിപ്പിക്കുന്ന കേരള ചരിത്രത്തിലെ മൂന്നാമത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ മാറും.
ഇത്തരത്തില്‍ ഈ അപൂര്‍വ്വ നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആര്‍. ശങ്കര്‍ ആയിരുന്നു. 1962 ല്‍ പട്ടം താണുപിള്ളയ്ക്ക് ശേഷം മുഖ്യമന്ത്രി കസേരയിലെത്തിയ ശങ്കര്‍, മുഖ്യമന്ത്രിയായിരിക്കെ തന്നെ 1963-64, 1964-65 വര്‍ഷങ്ങളിലെ സംസ്ഥാന ബജറ്റുകള്‍ സഭയില്‍ അവതരിപ്പിച്ചു.
രണ്ടാമതായി ഈ നേട്ടം കൈവരിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. അന്നത്തെ ധനകാര്യ മന്ത്രി കെ.എം മാണിയുടെ രാജിയെ തുടര്‍ന്ന് ധനവകുപ്പ് ഏറ്റെടുത്ത ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രിയായിരിക്കെ തന്നെയാണ് 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നിയമസഭയില്‍ സമര്‍പ്പിച്ചത്.
ഇതിന് മുന്‍പ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന സമയത്ത് അദേഹം നാല് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുമുണ്ട്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഒരുക്കുന്ന പുതിയ ബജറ്റില്‍ അടങ്ങിയിരിക്കുന്നത് എന്തൊക്കെയായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകര്‍.
വി.ഡി സതീശന്റെ ഈ ബജറ്റ് അവതരണത്തിലൂടെ എറണാകുളം ജില്ലയിലെ പറവൂര്‍ മണ്ഡലം അഞ്ച് പതിറ്റാണ്ടിന് ശേഷം മറ്റൊരു ചരിത്രം കൂടി കുറിയ്ക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
മുന്‍പ് 'പറൂര്‍' എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലത്തില്‍ നിന്നുള്ള ഒരു ജനപ്രതിനിധി ഒടുവിലായി സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത് സി. അച്യുത മേനോന്റെ നേതൃത്വത്തിലുള്ള രണ്ടാമത് മന്ത്രിസഭയില്‍ ധനകാര്യ, നിയമ മന്ത്രിയായിരുന്ന കെ.ടി ജോര്‍ജ് ആയിരുന്നു.
1972 ഫെബ്രുവരി 25 നായിരുന്നു കെ.ടി ജോര്‍ജ് തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ഇപ്പോള്‍ കൃത്യം 54 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പറവൂരില്‍ നിന്നുള്ള മറ്റൊരു ജനപ്രതിനിധി ഇതേ ചരിത്രപരമായ ദൗത്യം നിര്‍വ്വഹിക്കാന്‍ ഒരുങ്ങുന്നത് എന്ന രാഷ്ട്രീയ കൗതുകവും ഇതിന് പിന്നിലുണ്ട്.
അക്കാലത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രമുഖരായ ഉന്നത നേതാക്കളില്‍ ഒരാളായിരുന്നു കെ.ടി. ജോര്‍ജ്. 1965, 1967, 1971 വര്‍ഷങ്ങളില്‍ പറൂര്‍ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദേഹം നാലാം കേരള നിയമസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.