കന്നി ബജറ്റില്‍ പ്രഥമ പരിഗണന ആരോഗ്യ മേഖലയ്ക്ക്: എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്; വയോജനങ്ങള്‍ക്കായി കെയര്‍ ഗിവര്‍ പദ്ധതി

കന്നി ബജറ്റില്‍ പ്രഥമ പരിഗണന ആരോഗ്യ മേഖലയ്ക്ക്: എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്; വയോജനങ്ങള്‍ക്കായി കെയര്‍ ഗിവര്‍ പദ്ധതി

തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് യുഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ പ്രഥമ പരിഗണന. വൈദ്യ ശുശ്രൂഷയ്ക്കും പൊതുജനാരോഗ്യ മേഖലയ്ക്കുമുള്ള പദ്ധതി വിഹിതമായി 2076.02 കോടി രൂപ വകയിരുത്തി. കേരളത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ആരോഗ്യ ചികിത്സാ ചെലവ് കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തും.

സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും വയോജനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളും കാന്‍സര്‍ പ്രതിരോധത്തിനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനുമുള്ള പദ്ധതികളും ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായ ചികിത്സാച്ചെലവുകള്‍ പല കുടുംബങ്ങളിലും വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്.

ഇത്തരം ബാധ്യത ലഘൂകരിക്കുന്നതിനും കൈത്താങ്ങാകുന്നതിനുമായി എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. ഇത് ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമാണ്. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി പത്തുകോടി രൂപ ബജറ്റില്‍ വകയിരുത്തിയതായും വി.ഡി സതീശന്‍ പറഞ്ഞു.

കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ റീച്ച് കേരള എന്ന പദ്ധതി നടപ്പിലാക്കും. കാസര്‍കോട്, ഇടുക്കി, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലെ അവസ്ഥ ഇപ്പോഴും ശോചനീയമാണ്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാര്‍, ഉപകരണങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. ഇതിനെല്ലാമായി നൂറുകോടി വകയിരുത്തും. തിരഞ്ഞെടുത്ത മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയംഭരണ പദവിയും എയിംസ് നിലവാരത്തിലുള്ള സേവനങ്ങളും അക്കാദമിക് മികവും കൈവരിക്കാന്‍ ആവശ്യമായ പിന്തുണ നല്‍കും.

സ്‌കൂള്‍ ഹെല്‍ത്ത് ബ്രിഗേഡ് രൂപീകരിക്കും. അത്യാഹിത ട്രോമാ ചികിത്സ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ലഭ്യമാക്കുന്നതിനായി ആരോഗ്യസ്ഥാപനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ഡിജിറ്റലൈസ് സംവിധാനം ലഭ്യമാക്കിക്കൊണ്ടും ഗോള്‍ഡന്‍ അവര്‍ പ്രൊജക്ട് നടപ്പിലാക്കും.

വയോജനങ്ങള്‍ക്കായി വയോജന വകുപ്പ് രൂപീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. വയോജന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തുകോടി രൂപ വകയിരുത്തും. വയോജനങ്ങള്‍ക്കായി കെയര്‍ ഗിവര്‍ പദ്ധതി അവതരിപ്പിക്കും.

വിട്ടുമാറാത്ത രോഗങ്ങള്‍, വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍, വൈകല്യങ്ങള്‍ എന്നിവ നേരിടുന്നവരെ സഹായിക്കുന്നതിനായി തൊഴിലധിഷ്ഠിത പരിശീലനം നല്‍കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ നഴ്‌സിങ് കോളേജുകളിലും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലും ആറുമാസ കാലയളവിലേക്കുള്ള സര്‍ക്കാര്‍ അംഗീകൃത അന്താരാഷ്ട്ര നിലവാരമുള്ള കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും.

ഇതിലൂടെ ആവശ്യമുള്ളവര്‍ക്ക് പരിചരണവും തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് തൊഴിലും ലഭ്യമാകും. മുതിര്‍ന്ന പൗരന്മാരെ സജീവരാക്കുന്നതിന് വയോജന പാര്‍ക്കുകളും പകല്‍ വീടുകളും ഫിറ്റ്‌നസ് സെന്ററുകളും ഒരുക്കും.

ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുകയും മെഡിക്കല്‍ വിദ്യാഭാസവും ഗവേഷണവും മെഡിക്കല്‍ ടൂറിസവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റിയും പ്രഖ്യാപിച്ചു.

മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, പരിശീലനകേന്ദ്രങ്ങള്‍, ഗവേഷണലബോറട്ടറികള്‍, ഡയഗ്‌നോസ്റ്റിക് കേന്ദ്രങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ അനുബന്ധ സൗകര്യങ്ങഴും സംയോജിപ്പിച്ച് വികസിപ്പിക്കുന്ന ആരോഗ്യ സംവിധാനമാണിത്. ഈ പദ്ധതിക്കായി 100 കോടി രൂപയാണ് വകയിരുത്തിയത്.

എല്ലാ പെണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിനുകളുടെ ലഭ്യത ഉറപ്പുവരുത്തുക, സാനിറ്ററി നാപ്കിനുകള്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ സംസ്‌കരണത്തിനുള്ള സൗകര്യം ഒരുക്കുക, സ്‌കൂള്‍ ടോയ്‌ലറ്റുകള്‍ വൃത്തിയും ശുചിയുള്ളതുമായി സൂക്ഷിക്കുക തുടങ്ങിയ ഗേള്‍ഫ്രണ്ട്‌ലി ക്യാംപസ് കൂടിയാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധികളെ ഫലപ്രദമായി തടയുന്നതിനും നേരിടുന്നതിനും ആരോഗ്യവകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള ഏകോപനം കൂടുതല്‍ ശക്തിപ്പെടുത്തി സംവിധാനങ്ങള്‍ സൃഷ്ടിക്കും. നാല്‍പത് വയസ്് കഴിഞ്ഞവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യപരിശോധന നടത്തുന്നതിനായി ധനസഹായം നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കും. കാരുണ്യ ആരോഗ്യ പദ്ധതിയിലെ കുടിശിക ഘട്ടംഘട്ടമായി തീര്‍ത്ത് പദ്ധതിയുടെ കാര്യക്ഷണത ഉറപ്പുവരുത്തും.

ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളും തീരദേശ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി കോസ്റ്റല്‍ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിച്ച് ചികിത്സ ഉറക്കാക്കും. കാന്‍സര്‍ രോഗികളുടെ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഗണന നല്‍കുന്ന പദ്ധതി നടപ്പിലാക്കും.

രോഗനിര്‍ണയ ടെസ്റ്റുകള്‍ക്കായി ലാബ് സൗകര്യങ്ങള്‍ കുറഞ്ഞ ഗ്രാമീണ മേഖലകളില്‍ മൊബൈല്‍ ടെസ്റ്റിങ് സംവിധാനം നടപ്പിലാക്കും. ആദ്യഘട്ടം രണ്ടുകോടി രൂപ ചെലവില്‍ പത്തുലാബുകള്‍ സ്ഥാപിക്കുന്നതിനായി ഇരുപതുകോടി രൂപ വകയിരുത്തും.

സംസ്ഥാനത്ത് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി പോലുള്ള അപൂര്‍വ രോഗങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പകര്‍ച്ച വ്യാധികളുടെ കാരണക്കാരാകുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പുതിയ ലാബുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ടൈപ് 1 പ്രമേഹ രോഗബാധിതരായ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള ഇന്‍സുലിന്‍ നല്‍കാനും ബ്രിട്ടില്‍ ഡയബറ്റിക്കായ കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പമ്പ് നല്‍കാനും കൂടുതല്‍ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് തുടര്‍ച്ചയായ ഗ്ലൂക്കോസ് മോണിറ്ററിങ് സെന്‍സര്‍ നല്‍കാനും നടപടി സ്വീകരിക്കും. ഇന്‍സുലിന്‍ പമ്പ് തദ്ദേശീയമായി നിര്‍മിക്കാന്‍ സഹായം നല്‍കും. മിഠായി പദ്ധതിക്ക് കാലോചിതമായ മാറ്റങ്ങള്‍ വരുത്തും.

സംസ്ഥാനത്ത് സാമ്പത്തിക-കുടുംബ ആരോഗ്യ കാരണങ്ങള്‍ മൂലമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സോഷ്യല്‍ വര്‍ക്ക് പ്രൊഫഷണലുകളുടെ സഹായവും ലഭ്യമാക്കും.

മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തുന്നതിനും കെട്ടിടം നിര്‍മിക്കുന്നതിനുള്ള പ്രാഥമിക ചെലവുകള്‍ക്കായി അഞ്ചുകോടി രൂപയും മലപ്പുറത്ത് ആധുനിക രീതിയിലുള്ള കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചെലവുകള്‍ക്കായി പത്തുകോടി രൂപയും എറണാകുളം മെഡിക്കല്‍ കോളേജിന്റെ നവീകരണത്തിനായി പത്തുകോടിയും വകയിരുത്തുന്നുവെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.