ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ക്യാരി ബാഗിന് പ്രത്യേക പണം ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ഉപഭോക്തൃ കോടതിയുടെ നിര്‍ണായക വിധി. പ്രമുഖ ഫൂട്ട്‌വെയര്‍ ബ്രാന്‍ഡായ റെഡ് ടേപ്പ് ഔട്ട്ലെറ്റില്‍ നിന്നും പേപ്പര്‍ ബാഗിന് 10 രൂപ ഈടാക്കിയതിനാണ് ഹരിയാന റോത്തക്കിലെ ഉപഭോക്തൃ കോടതി 8000 രൂപ പിഴ ചുമത്തിയത്. ഇത് സേവനത്തിലെ വീഴ്ചയും അന്യായമായ വ്യാപാര രീതിയുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരന്‍ റോത്തക്കിലെ റെഡ് ടേപ്പ് ഷോറൂമില്‍ നിന്ന് 2069 രൂപയുടെ ഷൂ വാങ്ങിയിരുന്നു. എന്നാല്‍ ഷൂ ബോക്സ് ഇട്ടുകൊടുക്കാന്‍ 10 രൂപയുടെ പേപ്പര്‍ ബാഗ് വാങ്ങാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചു. ഇത് കമ്പനി പോളിസിയാണെന്നായിരുന്നു കടക്കാരുടെ വാദം. ഇതോടെയാണ് ഉപയോക്താവ് കോടതിയെ സമീപിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് പേപ്പര്‍ ബാഗിന് പണം ഈടാക്കുന്നതെന്നും ബാഗ് വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നുമായിരുന്നു റെഡ് ടേപ്പിന്റെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി ഒരു ഉപയോക്താവ് കടയില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ അത് സുരക്ഷിതമായി കൊണ്ടുപോകാനുള്ള സൗകര്യം ഒരുക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കി.
അന്യായമായി വാങ്ങിയ 10 രൂപ ഉപഭോക്താവിന് തിരികെ നല്‍കണമെന്നും സേവനത്തിലെ വീഴ്ചയ്ക്ക് 4000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 4000 രൂപയും നല്‍കണമെന്നായിരുന്നു കോടതി വിധി. ആകെ 8010 രൂപ 30 ദിവസത്തിനകം ഉപയോക്താവിന് കൈമാറണം. വീഴ്ച വരുത്തിയാല്‍ ഓരോ ആഴ്ചയ്ക്കും 50 രൂപ വീതം അധിക പിഴ ഈടാക്കും.
ഇനി മുതല്‍ കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ ക്യാരി ബാഗിന്റെ പേരില്‍ അനാവശ്യമായി പണം ഈടാക്കിയാല്‍ ഉപയോക്താക്കള്‍ക്ക് നിയമപരമായി പ്രതികരിക്കാം എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ വിധി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.