വാഷിങ്ടണ്‍: വിദേശ നയങ്ങളിലെ പാളിച്ചകളും രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതിക്ക് കനത്ത തിരിച്ചടിയാകുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. ഇറാനുമായുള്ള നയതന്ത്ര ഇടപെടലുകളില്‍ ഭൂരിഭാഗം അമേരിക്കക്കാരും കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ട്രംപിന്റെ മൊത്തത്തിലുള്ള ഭരണ മികവിനെ 37 ശതമാനം ആളുകള്‍ മാത്രമാണ് നിലവില്‍ പിന്തുണയ്ക്കുന്നത്.
തുടര്‍ച്ചയായ മൂന്ന് മാസത്തോളം നീണ്ടുനിന്ന ഇറാന്‍-അമേരിക്കന്‍ സൈനിക സംഘര്‍ഷം ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇറാനെതിരെ കടുത്ത ഭീഷണി മുഴക്കിയ നിലപാടില്‍ നിന്ന് പെട്ടെന്ന് യുടേണ്‍ എടുത്ത്, ചര്‍ച്ചകള്‍ക്കും പുതിയ കരാറുകള്‍ക്കും ട്രംപ് തയ്യാറായ സമയത്താണ് ഈ സര്‍വേ നടന്നത്. ഹോര്‍മുസ് കടലിടുക്കിലെ യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കാനും ഇറാനുമായി പുതിയ ഉടമ്പടിയില്‍ ഒപ്പിടാനും ട്രംപ് തയ്യാറായെങ്കിലും ഇത് ജനവിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഇറാന്‍ വിഷയത്തില്‍ 65 ശതമാനം അമേരിക്കക്കാരും ട്രംപിന്റെ നടപടികളെ ശക്തമായി എതിര്‍ക്കുന്നു.
പുതിയ കരാര്‍ പ്രകാരം ഹോര്‍മുസ് കടലിടുക്ക് രണ്ട് മാസത്തേക്ക് ടോള്‍ ഇല്ലാതെ തുറന്നുകൊടുക്കാനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ധാരണയായിട്ടുണ്ട്. എന്നാല്‍ ഇറാനെ തങ്ങളുടെ എണ്ണ സ്വതന്ത്രമായി വില്‍ക്കാന്‍ അനുവദിക്കുന്ന ഈ കരാര്‍ സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍മാരെപ്പോലും നിരാശരാക്കിയിരിക്കുകയാണ്. ഇറാന്റെ ആണവായുധ പദ്ധതികളില്‍ കൃത്യമായ വിട്ടുവീഴ്ചകള്‍ നേടാന്‍ ഈ കരാറിന് സാധിച്ചില്ലെന്നും ഇത് കേവലം കണ്ണില്‍ പൊടിയീടാനുള്ള തന്ത്രം മാത്രമാണെന്നും വോട്ടര്‍മാര്‍ വിമര്‍ശിക്കുന്നു.
അമേരിക്കന്‍ സൈന്യത്തെ ഉപയോഗിച്ചുള്ള ട്രംപിന്റെ നടപടികള്‍ അമിതമായിപ്പോയി എന്ന് 53 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടു. വിദേശ യുദ്ധങ്ങളില്‍ നിന്ന് അമേരിക്കയെ അകറ്റി നിര്‍ത്തുമെന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ട്രംപ് ലംഘിച്ചതായി സ്വതന്ത്ര വോട്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു. ഇറാന്റെ ഭരണം അട്ടിമറിക്കുക എന്നതായിരുന്നു യുദ്ധത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെങ്കില്‍ അത് പ്രായോഗികമല്ലെന്നും, അതിനാല്‍ യുദ്ധ സാഹചര്യങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നുമായിരുന്നു ഭൂരിഭാഗം ജനങ്ങളുടെയും നിലപാട്.
ഇസ്രായേല്‍ വിഷയത്തിലും ട്രംപിന്റെ നിലപാടുകള്‍ക്ക് തിരിച്ചടിയേറ്റിട്ടുണ്ട്. വെറും 34 ശതമാനം ആളുകള്‍ മാത്രമാണ് അദേഹത്തെ അനുകൂലിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ട്രംപിന്റെ ബന്ധത്തില്‍ വിള്ളലുകള്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളെ ബാധിക്കുന്നതിനെ ട്രംപ് പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇത് ഇസ്രയേലുമായുള്ള നയതന്ത്ര സമ്മര്‍ദ്ദത്തിന് കാരണമായി.
വിദേശ നയങ്ങള്‍ക്ക് പുറമെ ആഭ്യന്തര സാമ്പത്തിക മേഖലയിലും ട്രംപ് കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. മൂന്നിലൊന്ന് ആളുകള്‍ മാത്രമാണ് നിലവില്‍ ട്രംപിന്റെ സാമ്പത്തിക നയങ്ങളെ പിന്തുണയ്ക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷണ സാധനങ്ങളുടെയും വില കുതിച്ചുയരുന്നത് വോട്ടര്‍മാരെ കടുത്ത നിരാശയിലാഴ്ത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങളിലും യുദ്ധങ്ങളിലും അമിതമായി ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, ട്രംപ് തന്റെ പഴയ ആഭ്യന്തര സാമ്പത്തിക വാഗ്ദാനങ്ങള്‍ പാടേ മറന്നുപോയെന്നാണ് ജനങ്ങളുടെ പ്രധാന ആക്ഷേപം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.