ഈജിപ്തിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചവർ നേരിടുന്നത് കടുത്ത നിയമപരമായ വിവേചനം; വെളിപ്പെടുത്തി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട്

ഈജിപ്തിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചവർ നേരിടുന്നത് കടുത്ത നിയമപരമായ വിവേചനം; വെളിപ്പെടുത്തി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട്

കെയ്റോ: ഈജിപ്തിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിക്കുന്നവർ സാമൂഹികമായും നിയമപരമായും കടുത്ത വിവേചനത്തിന് ഇരയാകുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ റിപ്പോർട്ട്. വിശ്വാസമാറ്റം ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തുന്നതിന് ഇവർക്ക് വലിയ തടസ്സങ്ങൾ നേരിടേണ്ടി വരുന്നതിനാൽ യഥാർത്ഥ കണക്കുകൾ പുറത്തുവരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 ലെ കണക്കു പ്രകാരം ഈജിപ്തിലെ ജനസംഖ്യയുടെ ഏകദേശം 10 ശതമാനം മാത്രമാണ് ക്രൈസ്തവർ.

ന്യൂനപക്ഷ മതവിശ്വാസങ്ങൾ പ്രകടിപ്പിക്കുന്നവരെ അടിച്ചമർത്താനായി ഈജിപ്ഷ്യൻ അധികാരികൾ ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 98(f) അഥവാ ദൈവദൂഷണ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. ഇസ്ലാം മതം ഉപേക്ഷിച്ചതിന് ശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സെയ്ദ് മൻസൂർ എന്ന വ്യക്തിയെ വ്യക്തമായ കാരണങ്ങൾ പോലുമില്ലാതെ അധികൃതർ തടങ്കലിൽ വെച്ചിരിക്കുന്നത് രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധിയുടെ ഉദാഹരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം പതിറ്റാണ്ടുകൾക്ക് മുൻപുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ പുരോഗതിയും റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. ആയിരക്കണക്കിന് ക്രൈസ്തവ ദേവാലയങ്ങൾക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചു എന്നതും ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള വിഭാഗീയ അക്രമങ്ങൾ ഗണ്യമായി കുറഞ്ഞതും ഇതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ക്രിസ്ത്യാനികളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ ഭരണകൂടം ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പൊതുമേഖലയിലെ ഉന്നത ഉദ്യോഗങ്ങളിലും സ്ഥാനങ്ങളിലും ക്രൈസ്തവ പ്രാതിനിധ്യം ഇപ്പോഴും വളരെ കുറവാണെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.