വില്ലുവണ്ടിയിലെത്തിയ വിപ്ലവ നായകന്‍: മഹാത്മ അയ്യങ്കാളിക്ക് പ്രണാമം

വില്ലുവണ്ടിയിലെത്തിയ വിപ്ലവ നായകന്‍: മഹാത്മ അയ്യങ്കാളിക്ക് പ്രണാമം

കേരളത്തിന്റെ സാമൂഹിക നവോത്ഥാന മണ്ഡലങ്ങളില്‍ തങ്ക ലിപിയാല്‍ ചേര്‍ക്കപ്പെട്ട നാമമാണ് അയ്യങ്കാളി. പുകള്‍പെറ്റ തിരുവിതാംകൂറിലെ ദളിതര്‍, പുലയര്‍ ഉള്‍പ്പെടെയുള്ള കീഴ്ജാതിക്കാരുടെ ഉന്നമനത്തിനായി സമരങ്ങള്‍ നയിച്ച ധീര യോദ്ധാവ്. അയിത്തം അതിന്റെ കൊടുമുടിയില്‍ വാണകാലത്ത് ജീവിച്ച സമര നായകന്‍.

1937 ല്‍ മഹാത്മാ ഗാന്ധിയുമായി കണ്ടുമുട്ടി, 'പുലയ രാജാവ്'എന്ന വിശേഷണം കൊടുത്ത് ഗാന്ധിജി അദേഹത്തെ പ്രശംസിച്ചു. ജാതി വ്യവസ്ഥയ്‌ക്കെതിരെയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും സമരം നയിച്ച രണ്ട് മഹാത്മാക്കളുടെ കൂടിക്കാഴ്ചയായി കരുതാം 1912 ല്‍ ശ്രീനാരായണഗുരു സ്വാമിയും മഹാത്മ അയ്യങ്കാളിയും കണ്ടുമുട്ടിയത്.

ദളിതര്‍ക്കും പിന്നോക്ക ജാതിക്കാര്‍ക്കും പൊതുവഴിയില്‍ കൂടിയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന് തിരുവനന്തപുരത്ത് വിവിധ പ്രദേശങ്ങളില്‍ കൂടി അദേഹം നയിച്ച വില്ലുവണ്ടി സമരമാണ് അയ്യങ്കാളി എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മിക്കുക. രണ്ട് കാളകളെ ഇടതും വലതുമായി വില്ലുവണ്ടിയില്‍ ചേര്‍ത്തു കെട്ടി പൊതുവഴിയില്‍ കൂടി സഞ്ചരിച്ച് സമരം നടത്തിയതിനെ തുടര്‍ന്ന് അവര്‍ണക്കും സവര്‍ണരെ പോലെതന്നെ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാന്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നിര്‍ബന്ധിതരായി. അന്നുവരെ സവര്‍ണര്‍ക്ക് മാത്രം പാടുള്ള യാത്രയായിരുന്നു ഈ വണ്ടി യാത്ര.

സഞ്ചാര സ്വാതന്ത്ര്യത്തിന് പിന്നാലെ കീഴാളരുടെയും അധകൃതരുടെയും കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്ര ധാരണം (മേല്‍ മുണ്ട് ധരിക്കാനും, വെള്ള വസ്ത്രം ധരിക്കാനും) പണി ചെയ്താല്‍ ന്യായമായ കൂലി, ഇവയെല്ലാം നേടിയെടുക്കുന്നത് അയ്യന്‍കാളിയുടെ ധീരമായ സമരങ്ങള്‍ ഫല പ്രാപ്തിയില്‍ എത്തിച്ചു. സമരങ്ങള്‍ എന്ന് മാത്രം വിശേഷിപ്പിച്ചാല്‍ പോരാ ചെറുത്ത് നില്‍പ്പും അതിനൊരു ഘടകമായിരുന്നു.

സവര്‍ണനും അവര്‍ണനും ഒരുമിച്ച് ഒരു ക്ലാസില്‍ ഇരിക്കുവാന്‍ അദേഹത്തിന്റെ വീര പോരാട്ടം നിമിത്തമായി. കീഴ് ജാതിയിലെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമില്ലായിരുന്നു, മാത്രമല്ല കല്ലും കണ്ണാടിയും ഉപയോഗിച്ചുള്ള മാല മാത്രമേ ധരിക്കുവാന്‍ അവകാശമുള്ളായിരുന്നു. കൊല്ലത്തെ പെരിന്നാട് എന്ന സ്ഥലത്ത് വെച്ച് അയ്യങ്കാളിയുടെ നേതൃത്വത്തില്‍ വന്‍ സമ്മേളനം കൂടി സ്ത്രീകള്‍ കല്ലിലും കണ്ണാടിയിലും രൂപപ്പെടുത്തിയ മാല വലിച്ചെറിഞ്ഞ് സ്വതന്ത്രരായി.

തങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജന്മിമാരുടെ പാടങ്ങളില്‍ കൊയ്ത്തിന് പോകാതെ സമരം നടത്തി അതിന് നേതൃത്വം കൊടുത്തതും അയ്യങ്കാളിയായിരുന്നു. സാധുജന പരിപാലന യോഗം എന്ന ഒരു സംഘടന തന്നെ അദേഹം കെട്ടിപ്പെടുത്തു. 1914 ല്‍ ചങ്ങനാശേരിയില്‍ നിന്നും പ്രസിദ്ധീകരിച്ച 'സാധുജന പരിപാലിനി' എന്ന മാസിക വഴി ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ സാധിച്ചു. നാമനിര്‍ദേശം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയില്‍ 28 വര്‍ഷക്കാലം അംഗമായിരുന്നു.

1863 ഓഗസ്റ്റ് 28 ന് ജനിച്ച അയ്യങ്കാളി 1941 ജൂണ്‍ 18 ന് വിടവാങ്ങി, 78 വര്‍ഷം ജീവിച്ചിരുന്നു. ഈ മഹാത്മാവ് നമ്മെ വേര്‍പിരിഞ്ഞിട്ട് ഇന്ന് (18/06/2026) 85 വര്‍ഷം തികയുന്നു. തന്റെ ജീവിതകാലത്ത് നാടിനോട് ചെയ്ത സേവനത്തിന് ശിരസ് നമിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.