ബൂര്‍ഗന്‍സ്റ്റോക്ക്: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ യു.എസ്-ഇറാന്‍ പ്രതിനിധികള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബൂര്‍ഗന്‍സ്റ്റോക്ക് റിസോര്‍ട്ടില്‍ നടത്തിയ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. ഇറാന്റെ എണ്ണ കയറ്റുമതിക്ക് മേലുള്ള ഉപരോധങ്ങള്‍ അറുപത് ദിവസത്തേക്ക് താല്‍കാലികമായി നീക്കാന്‍ യു.എസ് ട്രഷറി മന്ത്രാലയം തീരുമാനിച്ചു. ഇതോടെ ഖത്തറിലെ ബാങ്കുകളില്‍ മരവിപ്പിച്ചു നിര്‍ത്തിയിരുന്ന ഇറാന്റെ ഫണ്ടുകള്‍ വിട്ടുകിട്ടാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.
ഹോര്‍മുസിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതം പുനരാരംഭിച്ചതായും എണ്ണ വിലയില്‍ ആഗോളതലത്തില്‍ ഇടിവ് ഉണ്ടായതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാത്രം 19 മില്യണ്‍ ബാരല്‍ എണ്ണയാണ് ഹോര്‍മുസിലൂടെ കടന്നുപോയത്.
ധാരണകള്‍ വലിയ പുരോഗതിയായി വിലയിരുത്തപ്പെടുമ്പോഴും, ആണവ പരിശോധനയുമായി ബന്ധപ്പെട്ട് ഇരുപക്ഷവും രണ്ട് തട്ടിലാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാന്‍ ഇറാന്‍ അനുമതി നല്‍കിയതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പ്രസ്താവിച്ചിരുന്നു. തൊട്ടുപിന്നാലെ ഭാവിയില്‍ ദീര്‍ഘകാലത്തേക്ക് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ആണവ പരിശോധനകള്‍ക്ക് ഇറാന്‍ പൂര്‍ണമായും സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപും അവകാശപ്പെട്ടു.
തെറ്റായ പ്രസ്താവനകളും മാധ്യമങ്ങളുടെ പ്രചാരണങ്ങളും വകവെക്കാതെ ഇറാന്‍ ആണവ പരിശോധനകള്‍ക്ക് പൂര്‍ണമായും സമ്മതിച്ചിട്ടുണ്ട്. ഇത് ആണവ സത്യസന്ധത ഉറപ്പാക്കും. അവര്‍ ഇതിന് സമ്മതിച്ചിരുന്നില്ലെങ്കില്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ വ്യക്തമാക്കി.
എന്നാല്‍ ഈ അവകാശവാദങ്ങള്‍ ഇറാന്‍ പൂര്‍ണമായി തള്ളി. യു.എന്നുമായുള്ള ആണവ നിരീക്ഷണം നിലവിലുള്ള കരാറുകള്‍ക്ക് വിധേയമായി മാത്രമേ തുടരുകയുള്ളൂവെന്നും കഴിഞ്ഞ വര്‍ഷം ഉണ്ടായ ആക്രമണങ്ങളില്‍ തകര്‍ന്ന ആണവ നിലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ഐ.എ.ഇ.എ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പ്രത്യേക അനുമതിയോ പുതിയ പ്രോട്ടോക്കോളുകളോ നല്‍കിയിട്ടില്ലെന്നും ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി.
വിട്ടുകിട്ടുന്ന ഇറാന്റെ സാമ്പത്തിക ആസ്തികള്‍ അമേരിക്കന്‍ കര്‍ഷകരില്‍ നിന്ന് ചോളം, ഗോതമ്പ്, സോയാബീന്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും മരുന്നുകളും വാങ്ങാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് യു.എസ് കര്‍ശന നിര്‍ദേശം വെച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ തന്നെ വാങ്ങണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്നും വിലയും ഗുണനിലവാരവും നോക്കി മാത്രമേ തീരുമാനമെടുക്കൂ എന്നുമാണ് ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രതികരിച്ചത്.
ലബനനിലെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുന്നത് നിരീക്ഷിക്കാന്‍ ഇരു രാജ്യങ്ങളും സംയുക്തമായി ഒരു പ്രത്യേക സമിതി രൂപീകരിക്കാനും സ്വിറ്റ്‌സര്‍ലന്‍ഡ് ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സാങ്കേതിക ചര്‍ച്ചകള്‍ തുടരുമെന്നാണ് മധ്യസ്ഥത വഹിക്കുന്ന ഖത്തറും പാകിസ്ഥാനും വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.