തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.
മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്നാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ യുഡിഎഫ് പറഞ്ഞിരുന്നത്. പിന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചുള്ള പ്രഖ്യാപനം ബജറ്റില്‍ എങ്ങനെ വന്നു എന്നത് മനസിലാകുന്നില്ല. ജനവികാരം സര്‍ക്കാര്‍ ഉള്‍ക്കൊള്ളുമെന്ന ശുഭ പ്രതീക്ഷയാണ് തനിക്കുള്ളതെന്നും വി.എം സുധീരന്‍ പറഞ്ഞു.
'ഭാവനാ സമ്പന്നമായ നിരവധി കര്‍മ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച ബജറ്റ്. പക്ഷേ ഒന്ന് രണ്ട് കാര്യങ്ങളില്‍ നമ്മുക്കൊരു വിയോജിപ്പ് വന്നിട്ടുണ്ട്. അദേഹത്തിനോട് ഇക്കാര്യങ്ങള്‍ ഫോണില്‍ വിളിച്ച് സംസാരിക്കുകയും കത്തിന്റെ രൂപത്തില്‍ അയയ്ക്കുകയും ചെയ്തു. പല സന്നദ്ധ സംഘടനകളും ഇതില്‍ അഭിപ്രായം പ്രകടിപ്പിച്ച് കഴിഞ്ഞു. ജനവികാരം സര്‍ക്കാര്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു'- വി.എം സുധീരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് എന്നും മദ്യത്തിന് എതിരാണ്. കെ. കരുണാകരനാണ് മദ്യം കുറയ്ക്കുന്ന നടപടികളിലേക്ക് ആദ്യം കടന്നത്. എ.കെ ആന്റണി ചാരായ നിരോധനം നടപ്പിലാക്കി. മദ്യത്തിനെതിരായ തന്റെ നിലപാട് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശം സംബന്ധിച്ച്, ഒരു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയില്‍ ഒരിക്കലും നടത്താന്‍ പാടില്ലാത്ത പദ പ്രയോഗങ്ങളാണ് വെള്ളാപ്പള്ളി ഉപയോഗിച്ചതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.
കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് വി.എം സുധീരന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെ വെള്ളാപ്പള്ളി അധിക്ഷേപ പരാമര്‍ശം നടത്തിയത്. വി.എം സുധീരന്‍ സര്‍ക്കാരിന്റെ കാലനെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം.
വെള്ളാപ്പള്ളി പരിഭ്രാന്തനായത് പോലെയാണ് തനിക്ക് തോന്നുന്നതെന്ന് വി.എം സുധീരന്‍ പറഞ്ഞു. വെള്ളാപ്പള്ളിയോട് തനിക്ക് യാതൊരു വ്യക്തി വിരോധവുമില്ല. എങ്കിലും അദേഹത്തിന്റെ നയങ്ങളോട് ശക്തമായ വിയോജിപ്പുണ്ട്. വെള്ളാപ്പള്ളിയുടെ ശൈലി ആ പദവിക്ക് ചേര്‍ന്നതല്ലെന്നും വി.എം സുധീരന്‍ വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.