തൃണമൂലിനും ശിവസേനയ്ക്കും പിന്നാലെ എന്‍സിപിയും പിളര്‍പ്പിലേക്കെന്ന് സൂചന; എട്ട് എംപിമാരില്‍ അഞ്ച് പേര്‍ എന്‍ഡിഎയിലേക്ക്?

തൃണമൂലിനും ശിവസേനയ്ക്കും പിന്നാലെ എന്‍സിപിയും പിളര്‍പ്പിലേക്കെന്ന് സൂചന; എട്ട് എംപിമാരില്‍ അഞ്ച് പേര്‍ എന്‍ഡിഎയിലേക്ക്?

മുംബൈ: തൃണമൂലിനും ശിവസേനയ്ക്കും പിന്നാലെ ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപിയും പിളര്‍പ്പിലേക്ക് എന്ന് സൂചന. പാര്‍ട്ടിയുടെ എട്ട് ലോക്‌സഭാംഗങ്ങളില്‍ അഞ്ച് പേര്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയിലേക്ക് മാറാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സുനേത്ര പവാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടത്. ഇതിനിടെ കൂറുമാറ്റ നീക്കങ്ങളെ ചെറുക്കാനും പാര്‍ട്ടിയുടെ ഐക്യം നിലനിര്‍ത്താനും ശരദ് പവാര്‍ ജൂണ്‍ 19 ന് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

കൂറുമാറ്റ അഭ്യൂഹങ്ങള്‍ക്കിടയില്‍, എന്‍സിപി (ശരദ് പവാര്‍) വിഭാഗത്തെ കോണ്‍ഗ്രസുമായി ലയിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. സംസ്ഥാനത്തെ വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളില്‍ പ്രതിപക്ഷ സഖ്യത്തെ കൂടുതല്‍ ശക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞുപോയി രൂപീകരിച്ച ചെറുപാര്‍ട്ടികളെ തിരികെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ പവാര്‍ മുന്‍കൈയെടുക്കണമെന്ന നിര്‍ദേശവുമായി ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് ആശയങ്ങള്‍ പിന്തുടരുന്നവര്‍ ഒന്നിച്ചാല്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വലിയ വെല്ലുവിളിയാകുമെന്നും ഇതിന് പവാര്‍ നേതൃത്വം നല്‍കണമെന്നും അദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതിനിടെ ശിവസേന എംപിമാരുടെ കൂറുമാറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശിവസേന ഷിന്‍ഡേ വിഭാഗം നേതാവ് ശ്രീകാന്ത് ഷിന്‍ഡെ, കൂടുതല്‍ രാഷ്ട്രീയ മാറ്റങ്ങള്‍ വരാനിരിക്കുന്നതായി സൂചിപ്പിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും പ്രധാന ഭാഗം വരാനിരിക്കുന്നതേയുള്ളൂവെന്നുമാണ് അദേഹം പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.