ഊർ:കത്തോലിക്കാസഭയും ഷിയാ ഇസ്ലാമും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിലെ ഒരു നാഴികക്കലായിരുന്നു അയത്തോള അലി അൽ-സിസ്താനിയുമായുള്ള പപ്പയുടെ കൂടിക്കാഴ്ച. സന്ദർശകരെ സ്വീകരിക്കുന്ന പതിവ് രീതി ലംഘിച്ചാണ് അൽ-സിസ്താനി മാർപാപ്പയെ സ്വീകരിച്ചത്. സാധാരണയായി തന്റെ ഇരിപ്പിടത്തിൽത്തന്നെ ഇരുന്നുകൊണ്ടാണ് അൽ-സിസ്താനി അതിഥിയെ സ്വീകരിക്കുന്നത്. എന്നാൽ എഴുന്നേറ്റ് മുറിയുടെ വാതിൽക്കൽ ചെന്ന് അദ്ദേഹം മാർപാപ്പയെ സ്വീകരിക്കുകയായിരുന്നു. പപ്പാ മുറിക്കുള്ളിൽ കയറിയപ്പോൾ തന്റെ ചെരുപ്പ് ഊരിയിട്ടാണ് കയറിയത് എന്നും ഓദ്യോഗിക പത്രങ്ങൾ റിപ്പോർട് ചെയ്തിരുന്നു.
അയത്തോള അലി അൽ-സിസ്താനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്ശേഷം മാർപ്പാപ്പ ഊറിലേക്ക് പുറപ്പെട്ടു:അബ്രഹാമിന്റെ ജന്മസ്ഥലമായ പുരാതനമായ ഊർ. ജന്മദേശത്തേക്കുള്ള മടക്കം എന്നാണ് ഊറിലെ തന്റെ സന്ദർശനത്തെ പാപ്പ വിശേഷിപ്പിച്ചത്. അവിടെ നടന്ന മതാന്തര സമ്മേളനത്തിൽ ക്രിസ്ത്യാനികളുടെയും മുസ്‌ലിംകളുടെയും യഹൂദരുടെയും സാഹോദര്യത്തിന്റെ ചരിത്രം പാപ്പാ ഓർമ്മിച്ചു. വിശ്വാസം ഉടലെടുത്തത് ആ ഭൂമിയിൽനിന്നാണെന്നും ദൈവം കരുണയുള്ളവനാണെന്നും നമ്മുടെ സഹോദരീസഹോദരന്മാരെ വെറുക്കുന്നതിലൂടെ അവന്റെ നാമം അശുദ്ധമാക്കുന്നതാണ് ഏറ്റവും വലിയ ദൈവദൂഷണം എന്നും പാപ്പാ പറഞ്ഞു.ശത്രുതയും തീവ്രവാദവും അക്രമവും ഉണ്ടായത് മതത്തിൽനിന്നല്ല: അവ മതത്തെ ഒറ്റിക്കൊടുക്കുന്നവയാണ്. തീവ്രവാദം മതത്തെ ദുരുപയോഗം ചെയ്യുമ്പോൾ നമുക്ക് മിണ്ടാതിരിക്കാൻ കഴിയില്ല.എല്ലാ തെറ്റിദ്ധാരണകളെയും ഇല്ലാതാക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത് എന്നും പാപ്പാ പറഞ്ഞു."ദൈവം അബ്രാഹത്തിനോട് ആകാശത്തിലേക്ക് നോക്കാനും അവിടുത്തെ നക്ഷത്രങ്ങളെ എണ്ണാനും ആവശ്യപ്പെട്ടു. ആ നക്ഷത്രങ്ങളിൽ അബ്രഹാം അവന്റെ പിൻതലമുറയെ കണ്ടു;അതായത് നമ്മെ. ഇന്ന് യഹൂദരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും മറ്റു മതങ്ങളിലെ സഹോദരി സഹോദരങ്ങളുമായി ചേർന്ന് അവൻ ചെയ്തത് പോലെ ചെയ്യണം; സ്വർഗത്തിലേക്ക് നോക്കിക്കൊണ്ട് ഭൂമിയിലൂടെ നടക്കണം. പിതാവായ അബ്രാഹം കണ്ട അതേ നക്ഷത്രങ്ങളാണ് ഇന്നും നമ്മുടെ രാത്രികളെ പ്രകാശിപ്പിക്കുന്നത്. " പാപ്പാ പറഞ്ഞു. പ്രസ്തുത സമ്മേളനത്തിൽ ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ നിന്നും ഖുറാനിൽ നിന്നും വായനകൾ നടത്തി.
ഉന്നത ഷിയാ പുരോഹിതരുമായുള്ള മാർപ്പാപ്പയുടെ കൂടിക്കാഴ്ചയുടെ ബഹുമാനാർത്ഥം മാർച്ച് ആറ് ദേശീയ സഹിഷ്ണുത ദിനമായി പ്രഖ്യാപിച്ചു കൊണ്ട് ഇറാഖ് പ്രധാന മന്ത്രി മുസ്തഫ അൽ കാദിമി ഉത്തരവിട്ടിരുന്നു. “അയത്തോള അലി അൽ-സിസ്താനിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള നജാഫിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെയും പുരാതന നഗരമായ ഊറിലെ കൂടിക്കാഴ്‌ചയുടെയും അടിസ്ഥാനത്തിൽ , മാർച്ച് 6 ഇറാഖിലെ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും ദേശീയ ദിനമായി പ്രഖ്യാപിക്കുന്നു ,” അദ്ദേഹം ട്വീറ്റ് ചെയ്തു.
ദൈവത്തിന്റെ പേരിൽ പാവപ്പെട്ടവരെ കൊന്നൊടുക്കുന്ന 'ദൈവ വിശ്വാസികൾ' ഇനിയെങ്കിലും ഒന്ന് തിരിച്ച് ചിന്തിച്ചിരുന്നുവെങ്കിൽ; വിനയത്തിന്റെയും സൗഹൃദത്തിന്റെയും അതിമസ്‌നോഹരമായ ഈ മാതൃക കണ്ടു പഠിച്ചിരുന്നുവെങ്കിൽ! മാനവ സഹോദര്യം ഊട്ടിയുറപ്പിക്കാനുള്ള മാർപാപ്പയുടെ പ്രയത്നങ്ങൾ ഫലമണിയും എന്ന് തന്നെ പ്രതീക്ഷിക്കാം. പാപ്പയുടെ ഓരോ പ്രവൃത്തിയും പാപ്പയുടെ വാക്കുകളെ പിന്തുണയ്ക്കുന്നതാണ്: 'ഫ്രത്തേലി തുത്തി'.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.