നാല് ദിവസത്തെ സന്ദർശനം അവസാനിച്ചു; ഇറാഖിനെ നെഞ്ചോട് ചേർത്ത് മാർപ്പാപ്പ വത്തിക്കാനിൽ മടങ്ങിയെത്തി

നാല് ദിവസത്തെ സന്ദർശനം അവസാനിച്ചു; ഇറാഖിനെ നെഞ്ചോട് ചേർത്ത് മാർപ്പാപ്പ വത്തിക്കാനിൽ മടങ്ങിയെത്തി

വത്തിക്കാൻ സിറ്റി: ചരിത്രപരവും അത്യന്തം അപകടം പിടിച്ചതുമായ ഇറാഖിലെ അപ്പസ്‌തോലിക പര്യടനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനിൽ മടങ്ങിയെത്തി.   വിജയകരമായി സന്ദർശനം പൂർത്തിയാക്കാൻ സഹായിച്ച ദൈവമാതാവിന് നന്ദിയുടെ പൂച്ചെണ്ടുമായി ഫ്രാൻസിസ് പാപ്പ മരിയ മജോരെ ബസിലിക്കയിലെത്തി പ്രാർത്ഥിച്ചു.

മേരി മേജർ ബസിലിക്കയിലെ, ‘റോമൻ ജനതയുടെ സംരക്ഷക’ (സാളൂസ് പോപുളി റൊമാന) എന്ന വിശേഷണത്തോടെ വണങ്ങുന്ന മരിയൻ തിരുരൂപത്തിന് മുന്നിൽ ഇറാഖിൽ നിന്ന് കൊണ്ടുവന്ന പൂച്ചെണ്ട് സമർപ്പിച്ച് പ്രാർത്ഥിച്ചശേഷമാണ് പാപ്പ താമസസ്ഥലത്തേക്ക് പോയത്. അപ്പസ്‌തോലിക യാത്രകൾ ആരംഭിക്കും മുമ്പും പൂർത്തിയാക്കിയ ശേഷവും ഫ്രാൻസിസ് പാപ്പ മരിയൻ സന്നിധിയിൽ കൃതജ്ഞതാർപ്പണത്തിന് എത്തുന്നത് പതിവാണ്. ഇറാഖിലേക്കുള്ള യാത്രയ്ക്ക് മുമ്പും പാപ്പ ഇവിടെ പ്രാർത്ഥിക്കാൻ എത്തിയിരുന്നു.

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്രതിരിച്ച പാപ്പ ഇറ്റാലിയൻ സമയം ഇന്നലെ ഉച്ചയ്ക്ക് 12.55 നാണ് ചമ്പീനോ വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. വിശ്വാസികളുടെ പിതാവായ അബ്രാഹാമിന്റെ നാട്ടിലേക്ക് കത്തോലിക്കാ സഭാ തലവൻ നടത്തുന്ന പ്രഥമ സന്ദർശനം എന്ന നിലയിലും സവിശേഷമായിരുന്നു ഈ പര്യടനം.

അപ്പോസ്തലന്മാരുടെ കാലം മുതൽ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഇറാഖി ക്രൈസ്തവരുടെ പുതുതലമുറയുടെ വിശ്വാസസാക്ഷ്യത്തിന് കരുത്തേകാൻ പാപ്പയുടെ ആഗമനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടത്തെ ക്രൈസ്തവരുടെ സഹനത്തിന്റെ ഓരോ ഘട്ടങ്ങളിലും അവിടെയെത്താൻ ആഗ്രഹിച്ച പാപ്പ തന്റെ ഇടയസന്ദർശനത്തിലൂടെ അനുരഞ്ജനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശമാണ് പങ്കുവെച്ചത്.


നാല് ദിവസത്തെ സന്ദർശനത്തിന് ശേഷം ഫ്രാൻസിസ് മാർപ്പാപ്പ തന്റെ ചരിത്ര പ്രസിദ്ധമായ ഇറാഖ് പര്യടനം അവസാനിപ്പിച്ചു. സംഘർഷബാധിത നഗരങ്ങളിലെ മുസ്ലീം, ക്രിസ്ത്യൻ നേതാക്കളെ സന്ദർശിച്ച് യുദ്ധത്തിൽ സമാധാനവും സഹവർത്തിത്വവും ഉറപ്പുവരുത്തണമെന്ന് ആഹ്വാനം ചെയ്തശേഷമാണ് തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് അദ്ദേഹം യാത്രപറഞ്ഞത്. 'ഇറാഖ് എപ്പോഴും എന്നോടൊപ്പം ഉണ്ടാകും എന്റെ ഹൃദയത്തിൽ' തന്റെ സന്ദർശനത്തിന്റെ അവസാന നിമിഷം മാർപ്പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.