കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയില്‍ വീണ്ടും വന്‍ പൊട്ടിത്തെറി. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഉയര്‍ന്ന തര്‍ക്കങ്ങള്‍ക്കും അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കും ഒടുവില്‍ പ്രസിഡന്റ് ശ്വേത മേനോന്‍ സ്ഥാനവും സംഘടനയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചു. ശ്വേതയ്ക്ക് പിന്നാലെ 17 അംഗ ഭരണസമിതിയും ഒന്നടങ്കം രാജിവെച്ചതോടെ സംഘടനയില്‍ കൂട്ടരാജിയാണ് ദൃശ്യമായത്. വ്യക്തിത്വം പണയം വെച്ച് മറ്റൊരാളുടെ പാവയായിരുന്ന് സംഘടനയെ നയിക്കാന്‍ താന്‍ തയ്യാറല്ലെന്ന് ശ്വേത മേനോന്‍ തുറന്നടിച്ചു.
മുന്‍കൂട്ടി തയ്യാറാക്കിയ കൃത്യമായ അജണ്ട മുന്‍ നിര്‍ത്തിയാണ് നിലവിലെ ഭരണസമിതിയെക്കൊണ്ട് ഒന്നടങ്കം രാജിവെപ്പിച്ചതെന്ന് ശ്വേത ആരോപിച്ചു. ഒരു പാവയായി നില്‍ക്കാതെ എഎംഎംഎയെ നയിക്കാന്‍ കഴിയില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാല്‍ അത്തരത്തില്‍ തുടരാന്‍ താന്‍ ഒരുക്കമല്ല. മുന്‍പ് ചില സ്ത്രീകള്‍ പറഞ്ഞതുപോലെ, സംഘടനയെ വീണ്ടും കുറ്റാരോപിതരായ ചില ആളുകളുടെ കൈകളിലേക്ക് എത്തിക്കാനുള്ള വലിയ ഗൂഢാലോചനയാണ് ജനറല്‍ ബോഡിയില്‍ നടന്നതെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി.
ഭരണസമിതിയുടെ വരവ് ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ആക്ഷേപങ്ങളെ ശ്വേത പൂര്‍ണമായി തള്ളി. താന്‍ പ്രസിഡന്റായിരുന്ന കമ്മിറ്റിയുടെ കണക്കുകള്‍ തികച്ചും കൃത്യമാണെന്ന് അവര്‍ അവകാശപ്പെട്ടു. സാമ്പത്തിക വീഴ്ചകള്‍ സംഭവിച്ചത് തനിക്ക് മുന്‍പ് ബാബുരാജ് നേതൃത്വം നല്‍കിയ കമ്മിറ്റിയുടെ കാലത്താണ്. അക്കാലത്ത് അവര്‍ വരുത്തിവെച്ച വലിയ കുഴപ്പങ്ങള്‍ സംഘടനയുടെ അന്തസ് ഓര്‍ത്ത് ഇതുവരെ പുറത്തുപറയാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് കാരണമെന്നും, വരും ദിവസങ്ങളില്‍ അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ഭരണസമിതിയിലെ മറ്റ് അംഗങ്ങള്‍ക്ക് ഒരു ഔദ്യോഗിക അറിയിപ്പോ മെയിലോ പോലും നല്‍കാതെ മെയ് ഒന്നിന് ചുമതലകളില്‍ നിന്ന് ഓടി രക്ഷപ്പെട്ട വ്യക്തിയാണ് ട്രഷറര്‍ ഉണ്ണി ശിവപാലെന്ന് ശ്വേത കുറ്റപ്പെടുത്തി. അദേഹം പെട്ടെന്ന് ചുമതലകള്‍ ഉപേക്ഷിച്ച് പോയതുകൊണ്ടാണ് ഔദ്യോഗിക കണക്കുകള്‍ യഥാസമയം കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതെന്നും അവര്‍ വെളിപ്പെടുത്തി.
പൊതുയോഗത്തില്‍ കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകളെ ചൊല്ലി സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന മുതിര്‍ന്ന ഭാരവാഹികളുടെ പാനല്‍ രംഗത്തെത്തിയതോടെയാണ് യോഗം കലുഷിതമായത്. തുടര്‍ന്ന് ഭരണസമിതി മുഴുവന്‍ രാജിവെക്കുകയായിരുന്നു. താല്‍കാലികമായി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അഡ്‌ഹോക് കമ്മിറ്റി ഉടന്‍ രൂപീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.