പെർത്ത്: ലോകത്തെ ആശങ്കയിലാഴ്ത്തി എച്ച്5എൻ1പക്ഷിപ്പനി ഒടുവിൽ ഓസ്‌ട്രേലിയയിലും സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ പക്ഷിപ്പനി ബാധിക്കാത്ത ഏക ഭൂഖണ്ഡമെന്ന അവസ്ഥ മാറി ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും മാരക വൈറസ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു. ഓസ്‌ട്രേലിയൻ കൃഷി മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്നും 700 കിലോമീറ്റർ അകലെയുള്ള എസ്പെറൻസ് നഗരത്തിനടുത്തുള്ള കേപ് ലെ ഗ്രാൻഡ് നാഷണൽ പാർക്ക് ബീച്ചിൽ കണ്ടെത്തിയ ‘ബ്രൗൺ സ്കുവ’ എന്ന ദേശാടന പക്ഷിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കൃഷിമന്ത്രി ജൂലി കോളിൻസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
എസ്പെറൻസ് ബീച്ചിൽ നിന്ന് തന്നെ അവശനിലയിൽ കണ്ടെത്തിയ ‘സതേൺ പെട്രൽ’ എന്ന മറ്റൊരു പക്ഷിയിലും രോഗബാധ സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. നിലവിൽ പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സാഹചര്യമില്ലെങ്കിലും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
വൈറസ് മറ്റ് മൃഗങ്ങളിലേക്ക് പടർന്നിട്ടുണ്ടോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്ന് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കമ്മീഷണർ ഫിയോണ ഫ്രേസർ പറഞ്ഞു. ഇത്തരം ഒരു സാഹചര്യം നേരിടാൻ ദീർഘനാളായി രാജ്യം തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നുവെന്നും അടിയന്തര മൃഗരോഗ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായും ചീഫ് വെറ്റിനറി ഓഫീസർ ബെത്ത് കുക്ക്സൺ കൂട്ടിച്ചേർത്തു.
നേരത്തെ കഴിഞ്ഞ ഒക്ടോബറിൽ ഓസ്‌ട്രേലിയൻ അധീനതയിലുള്ള ഹിയേർഡ്, മക്ഡൊണാൾഡ് ദ്വീപുകളിൽ എച്ച്5എൻ1 സ്ഥിരീകരിച്ചിരുന്നു. ഈ ദ്വീപുകളിൽ പക്ഷിപ്പനി മൂലം ആയിരക്കണക്കിന് സീലുകളും പെൻഗ്വിനുകളും ചത്തൊടുങ്ങിയത് വലിയ ആശങ്കയാണ് ഉയർത്തിയത്. ഫ്രഞ്ച് അധീനതയിലുള്ള ക്രോസെറ്റ് ദ്വീപുകളിൽ നിന്ന് എത്തിയ ദേശാടന പക്ഷികൾ വഴിയാണ് രോഗം ഇവിടെ എത്തിയതെന്നാണ് നിഗമനം.
1990-കളുടെ അവസാനത്തിൽ ചൈനയിൽ കണ്ടെത്തിയ എച്ച്5എൻ1 വൈറസ് കാട്ടുപക്ഷികൾക്കും വളർത്തുപക്ഷികൾക്കും പുറമെ സീൽ, നീർനായ തുടങ്ങിയ മൃഗങ്ങളെയും ബാധിക്കാറുണ്ട്. പ്രധാനമായും ദേശാടന പക്ഷികൾ വഴിയാണ് വൈറസ് വ്യാപിക്കുന്നത്. രോഗബാധിതരായ മൃഗങ്ങളുമായി നേരിട്ട് സമ്പർക്കമുണ്ടായാൽ അപൂർവ്വമായി മനുഷ്യരിലേക്കും പകരാൻ സാധ്യതയുണ്ടെങ്കിലും നിലവിൽ മനുഷ്യരിലെ രോഗബാധ വളരെ കുറവാണെന്ന് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.