കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. മണ്ണുമായി വന്ന ലോറി ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
ഇന്ന് രാവിലെ ഏഴിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. നീലേശ്വരം ജങ്ഷന് സമീപത്തെ റോഡരികിലെ മതിലിനോട് ചേര്‍ന്ന് ബസ് കാത്തുനില്‍ക്കുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ലോറി സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരു ബൈക്കില്‍ ഇടിച്ച ശേഷമാണ് ടിപ്പറിന്റെ നിയന്ത്രണം നഷ്ടമായതെന്നും വിവരമുണ്ട്.
ലോറി മറിഞ്ഞതിനെത്തുടര്‍ന്ന് ഇതിലുണ്ടായിരുന്ന മണ്ണ് മുഴുവന്‍ റോഡിലേക്കും ബസ് സ്റ്റോപ്പിലേക്കും ഒലിച്ചിറങ്ങി. ഇതോടെ ബസ് കാത്തുനിന്നവര്‍ ഈ മണ്ണിനടിയില്‍പ്പെടുകയായിരുന്നു. അപകട സമയത്ത് ഏഴ് കുട്ടികളും ഒരു മുതിര്‍ന്ന ആളും ഉള്‍പ്പെടെ എട്ട് പേര്‍ സ്റ്റോപ്പില്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം.
നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മണ്ണ് മാറ്റിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. നിലവില്‍ അഞ്ച് പേരെയാണ് മണ്ണില്‍ നിന്നും ലോറിക്കടിയില്‍ നിന്നും പുറത്തെടുക്കാനായത്. ഇതില്‍ മൂന്ന് വിദ്യാര്‍ഥികളുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ ടിപ്പര്‍ ലോറി ഡ്രൈവറെയും ഗുരുതരാവസ്ഥയിലുള്ള മറ്റുള്ളവരെയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
മണ്ണിനടിയില്‍ ഇനിയും ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. പൂര്‍ണമായും തകര്‍ന്ന ലോറി അപകടസ്ഥലത്ത് നിന്നും മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.