ഏലയ്ക്ക വിലയില്‍ കുതിപ്പ്; പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പ്രതീക്ഷയേകുന്നു

ഏലയ്ക്ക വിലയില്‍ കുതിപ്പ്; പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പ്രതീക്ഷയേകുന്നു

കോട്ടയം: പശ്ചിമേഷ്യയില്‍ നാളുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് ഉടന്‍ അയവുണ്ടാകുമെന്ന ശുഭ പ്രതീക്ഷയില്‍ ഏലയ്ക്ക വിപണി ഉണരുന്നു. യുദ്ധ സാഹചര്യങ്ങള്‍ മാറി സമാധാനം കൈവരുമെന്ന കണക്കുകൂട്ടലില്‍ വ്യാപാരികള്‍ വ്യാപകമായി ഏലയ്ക്ക സ്റ്റോക്ക് ചെയ്യാന്‍ തുടങ്ങിയതോടെ ആഭ്യന്തര വിപണിയില്‍ വില വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ആദ്യമായാണ് ഏലയ്ക്ക വിലയില്‍ ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്.

വിപണിയില്‍ ഏലയ്ക്കയുടെ ശരാശരി വില കിലോയ്ക്ക് 2500 രൂപയില്‍ നിന്നും 2800 രൂപയായി ഉയര്‍ന്നു. ഗുണമേന്മയേറിയ ഏലക്കായ്ക്ക് ഓണ്‍ലൈന്‍ ലേലത്തില്‍ 3500 രൂപ വരെയാണ് നിലവില്‍ ലഭിക്കുന്ന വില. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകരും വ്യാപാരികളും ഒരേപോലെ ഏലയ്ക്ക സംഭരിക്കുന്നുണ്ട്.

ഇറാനുമായുള്ള സംഘര്‍ഷം കടുത്തതോടെ കഴിഞ്ഞ മൂന്ന് മാസമായി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഏലയ്ക്ക കയറ്റുമതി കുത്തനെ കുറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പുരോഗതി ദൃശ്യമായതോടെ കയറ്റുമതി മേഖല വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

കടുത്ത വേനലില്‍ മഴ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഹൈറേഞ്ചിലെ പല പ്രദേശങ്ങളിലും ഏലച്ചെടികള്‍ വ്യാപകമായി ഉണങ്ങി നശിച്ചിരുന്നു. നിലവില്‍ വേനല്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ഉല്‍പാദനത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ല. വിപണിയില്‍ അനുഭവപ്പെടുന്ന ഈ കനത്ത ക്ഷാമവും വില ഉയരാന്‍ കാരണമായിട്ടുണ്ട്.

വിപണി അനുകൂലമായതോടെ മുന്‍പ് ഏക്കറിന് രണ്ട് ലക്ഷം രൂപ വരെ നല്‍കി തോട്ടങ്ങള്‍ പാട്ടത്തിനെടുത്തിരുന്ന കര്‍ഷകര്‍, ഇപ്പോള്‍ അതിലും ഉയര്‍ന്ന തുക നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ട്.

2019 ഓഗസ്റ്റിലാണ് ഏലയ്ക്ക വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. അന്ന് പുറ്റടി സ്പൈസസ് പാര്‍ക്കില്‍ നടന്ന ഇ-ലേലത്തില്‍ കിലോയ്ക്ക് 7000 രൂപ വരെ വില ലഭിച്ചിരുന്നു. കട്ടപ്പന കമ്പോളത്തിലും ശരാശരി 6000 രൂപയോളം എത്തിയെങ്കിലും പിന്നീട് വിപണി ഇടിയുകയും വില കിലോയ്ക്ക് 950 രൂപ വരെ താഴേക്ക് പോവുകയുമായിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ വിപണി വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.