പശ്ചിമഘട്ടം മുതൽ മദ്യനയം വരെ; ജനങ്ങളുടെ ആശങ്കാ വിഷയങ്ങളിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ

പശ്ചിമഘട്ടം മുതൽ മദ്യനയം വരെ; ജനങ്ങളുടെ ആശങ്കാ വിഷയങ്ങളിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ

കൊച്ചി: പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക സംവേദക മേഖല വിജ്ഞാപനം, വിദേശ ഫണ്ട് നിയന്ത്രണ നിയമം ഭേദഗതികൾ, മദ്യനയം, കരിമണൽ-കടൽ ഖനന പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. ജനങ്ങളുടെ ആശങ്കകൾ ഗൗരവമായി പരിഗണിച്ച് സത്വര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ പ്രസ്താവനയിൽ പറഞ്ഞു.

ജൂലൈ 27 ന് കാലാവധി അവസാനിക്കുന്ന പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക സംവേദക മേഖലകളുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പ്രാബല്യത്തിൽ വന്നാൽ കേരളത്തിലെ 123 വില്ലേജുകളും 9,993 ചതുരശ്ര കിലോമീറ്റർ പ്രദേശവും അതിന്റെ പരിധിയിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ലക്ഷക്കണക്കിന് ഏക്കർ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും നിയന്ത്രണങ്ങൾക്കു വിധേയമാകുമെന്നും കർഷകരെയും സാധാരണ ജനങ്ങളെയും ഗുരുതര പ്രതിസന്ധിയിലാക്കുമെന്നും കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവുമായി ചേർന്ന് വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.

ജൂൺ 22 മുതൽ പ്രാബല്യത്തിൽ വന്ന വിദേശ ഫണ്ട് നിയന്ത്രണ നിയമം ഭേദഗതിക ചട്ടഭേദഗതികളിൽ ഫണ്ടുകളുടെ സുതാര്യത ഉറപ്പാക്കുന്ന വ്യവസ്ഥകളെ സ്വാഗതം ചെയ്യുന്നുവെങ്കിലും ചില പുതിയ മാനദണ്ഡങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന ആശങ്കയും കമ്മീഷൻ പങ്കുവച്ചു.

സ്ഥാപനങ്ങളുടെയും ഭാരവാഹികളുടെയും പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വ്യാപകമായ വിവരങ്ങൾ വാർഷിക റിട്ടേണിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥകൾ ജനാധിപത്യാവകാശങ്ങൾക്കും മൗലികാവകാശങ്ങൾക്കും വിരുദ്ധമാകാമെന്നും മതപരിവർത്തനം തടയുന്നതിന്റെ പേരിലുള്ള ചില വ്യവസ്ഥകൾ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആശങ്കകൾ പരിഹരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഏർപ്പെടുത്തുന്ന സർക്കാർ നിലപാടിനെതിരെയും കെസിബിസി ജാഗ്രത കമ്മീഷൻ രംഗത്തെത്തി. ഇത്തരം നീക്കങ്ങൾ മദ്യപാനം കൂടുതൽ സാധാരണമാക്കാനും സമൂഹത്തിൽ വ്യാപിപ്പിക്കാനും ഇടയാക്കുമെന്ന ആശങ്ക ഉയർത്തിയ കമ്മീഷൻ മദ്യവിൽപനയെ പ്രധാന വരുമാന മാർഗമായി കാണുന്ന സമീപനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ടു. മദ്യാസക്തി കുറയ്ക്കുന്നതിനും ലഹരിവിമുക്ത കേരളം സൃഷ്ടിക്കുന്നതിനുമായി ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും നിർദേശിച്ചു.

കരിമണൽ-കടൽ ഖനന പദ്ധതികളുമായി ബന്ധപ്പെട്ടും കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി നയരേഖയുടെ ഭാഗമായുള്ള ഇത്തരം പദ്ധതികൾ കേരളത്തിലെ തീരദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് മുന്നറിയിപ്പ് നൽകി.

കരിമണൽ ഖനനത്തിന്റെ ദോഷഫലങ്ങൾ നേരിട്ട അനുഭവിച്ച പ്രദേശമായ കൊല്ലം ജില്ലയിലെ ആലപ്പാടിന്റെ അവസ്ഥ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ കമ്മീഷൻ, തീരശോഷണവും കടലാക്രമണവും രൂക്ഷമായ സാഹചര്യത്തിൽ ഇത്തരം പദ്ധതികൾ പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. തീരദേശ സമൂഹങ്ങളുടെ ആശങ്കകൾ പൂർണമായി പരിഗണിച്ചുകൊണ്ടായിരിക്കണം ഏതൊരു വികസന പദ്ധതിയും നടപ്പാക്കേണ്ടതെന്നും പ്രസ്താവനയിൽ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.