തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് പ്രതിഷേധം: മേയറെ തടഞ്ഞു; സംഘര്‍ഷത്തില്‍ കൗണ്‍സിലര്‍മാര്‍ക്കും പോലീസിനും പരിക്ക്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് പ്രതിഷേധം: മേയറെ തടഞ്ഞു;  സംഘര്‍ഷത്തില്‍ കൗണ്‍സിലര്‍മാര്‍ക്കും പോലീസിനും പരിക്ക്

തിരുവനന്തപുരം: കാപ്പ കേസില്‍ പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ കൗണ്‍സിലര്‍മാര്‍ക്കും ഒരു വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റു.

അതേസമയം 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി ഇന്നലെ റദ്ദാക്കിയത് പ്രതിഷേധത്തിന്റെ മൂര്‍ച്ഛ കൂട്ടി. ബിജെപി കൗണ്‍സിലര്‍മാര്‍ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെ മേയര്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് അസാധുവായി എന്ന് വ്യക്തമാക്കിയാണ് എല്‍ഡിഎഫ് സമരം ശക്തമാക്കിയത്. മേയറും ഡപ്യൂട്ടി മേയറും രാജിവച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം.

അതിനിടെ കോര്‍പ്പറേഷനിലെത്തിയ മേയര്‍ വി.വി രാജേഷിനെ സിപിഎം കൗണ്‍സിലര്‍മാര്‍ തടഞ്ഞു. പ്രതിഷേധത്തിനിടയിലും മേയര്‍ ഓഫീസിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും ആയതോടെ പോലീസ് ഇടപെട്ടു.

അതിനിടെ സിപിഎം വനിതാ കൗണ്‍സിലര്‍ക്ക് തലയ്ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളികളുമായി മേയറുടെ ഓഫിസിന് പുറത്തും കോര്‍പറേഷന്‍ ഓഫിസിന് പുറത്തും പ്രതിഷധിച്ചു.

ജനാധിപത്യപരമായ സമരമാണ് നടന്നതെന്ന് കോര്‍പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.പി.ദീപക് പറഞ്ഞു. ആദ്യ സത്യപ്രതിജ്ഞ അസാധുവായതിനാല്‍ അതിനു ശേഷം ഈ 20 കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെട്ട തീരുമാനങ്ങളും മേയര്‍, ഡപ്യൂട്ടി മേയര്‍, സ്ഥിരം സമിതി തിരഞ്ഞെടുപ്പുകളും അസാധുവാകുമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്നും ഹര്‍ജി ഫയല്‍ ചെയ്ത എസ്.പി ദീപക് വ്യക്തമാക്കി.

എന്നാല്‍ ബലം പ്രയോഗിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് മേയര്‍ വി.വി രാജേഷ് പറഞ്ഞു. അനാവശ്യ പ്രകോപനം സിപിഎം കൗണ്‍സിലര്‍മാരുടെ ഭാഗത്തുനിന്നുണ്ടായെന്നും ബിജെപി വനിതാ കൗണ്‍സിലര്‍മാരെ ആക്രമിച്ചെന്നും തനിക്ക് കാലിന് പരിക്കേറ്റുവെന്നും മേയര്‍ പറഞ്ഞു.

മേയറെ ആക്രമിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അതിനെ ചെറുക്കാന്‍ ശ്രമിച്ച ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ക്ക് ഉള്‍പ്പെടെ പരുക്കേറ്റുവെന്നും ഡപ്യൂട്ടി മേയര്‍ ആശാനാഥ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.