സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണ വിജയന്‍ വീണ്ടും ഇ.ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യല്‍ ആരംഭിച്ചു

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണ വിജയന്‍ വീണ്ടും ഇ.ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യല്‍ ആരംഭിച്ചു

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. വ്യക്തിപരമായ അസൗകര്യങ്ങള്‍ മുന്‍നിര്‍ത്തി, തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റണമെന്ന് വീണ തന്നെയാണ് ഇ.ഡിയോടും ആവശ്യപ്പെട്ടിരുന്നത്. ഈ അഭ്യര്‍ത്ഥന അംഗീകരിച്ചാണ് കേന്ദ്ര ഏജന്‍സി ഇന്ന് ഹാജരാകാന്‍ അനുമതി നല്‍കിയത്.

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായ 134 സുപ്രധാന രേഖകള്‍ കഴിഞ്ഞ ദിവസമാണ് ഇ.ഡിക്ക് ലഭിച്ചത്. സിഎംആര്‍എല്ലുമായി വീണ തൈക്കണ്ടിയിലും എക്‌സാലോജിക്കും ഒപ്പുവെച്ച കരാറുകള്‍, മുന്‍പ് നല്‍കിയ മൊഴിപ്പകര്‍പ്പുകള്‍, ഐടി റിട്ടേണ്‍സ് രേഖകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ വീണയെ വിശദമായി ചോദ്യം ചെയ്യാനാണ് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ തീരുമാനം. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ പണം എന്തിനുവേണ്ടി വിനിയോഗിച്ചു എന്നതിലാകും പ്രധാനമായും വ്യക്തത തേടുക.

കഴിഞ്ഞ ജൂണ്‍ 17 നായിരുന്നു വീണയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ നടന്നത്. അന്ന് കൊച്ചി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറോളമാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വീണയെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ വീണയുടെ എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കറും ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചിരുന്നു. ഈ അക്കൗണ്ട് നിലവില്‍ ഇ.ഡി മരവിപ്പിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, ജയ എസ്. കര്‍ത്ത, ഷിബി എസ്. കര്‍ത്ത എന്നിവരെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രതിപ്പട്ടികയിലുള്ള നിപുണ ഇന്റര്‍നാഷണല്‍സ് എന്ന സ്ഥാപനത്തിന്റെ ചുമതലക്കാരി കൂടിയാണ് ഷിബി കര്‍ത്ത. ഇവരില്‍ നിന്ന് ലഭിച്ച മൊഴികളും വീണയുടെ ഇന്നത്തെ മൊഴിയും ഒത്ത് നോക്കിയാകും ഇ.ഡി തുടര്‍ നടപടികളിലേക്ക് കടക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.