നേമത്ത് ഉമ്മന്‍ ചാണ്ടി?; ഞാന്‍ അറിഞ്ഞില്ലല്ലോ...ആര് പറഞ്ഞു?...മറു ചോദ്യവുമായി ഉമ്മന്‍ ചാണ്ടി

നേമത്ത് ഉമ്മന്‍ ചാണ്ടി?; ഞാന്‍ അറിഞ്ഞില്ലല്ലോ...ആര് പറഞ്ഞു?...മറു ചോദ്യവുമായി ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടപ്പില്‍ നേമം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. നേമം പിടിക്കാന്‍ കരുത്തരായ സ്ഥാനാര്‍ഥിയെ തേടി ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ആരാഞ്ഞിരുന്നു.

സ്വന്തം മണ്ഡലം വിട്ട് മത്സരത്തിനില്ലെന്ന് ഇരുവരും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി രാവിലെ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചുവെന്ന സൂചന ഇപ്പോള്‍ ലഭിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം. ഇതോടെ കെ.മുരളീധരന്‍ എംപി മത്സരിക്കാനുള്ള സാധ്യത മങ്ങി.

എന്നാല്‍ നേമത്ത് മത്സരിക്കുമെന്ന വാര്‍ത്ത ഉമ്മന്‍ചാണ്ടി നിഷേധിച്ചു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ താന്‍ അറിഞ്ഞിട്ടില്ല. എവിടെ നിന്നാണ് അതൊക്കെ വരുന്നതെന്ന് അറിയില്ല. 50 വര്‍ഷമായി പുതുപ്പള്ളിയിലാണ് താന്‍ മത്സരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയുടെ വരവോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി മുന്നേറ്റം നേടണമെന്ന ഉറച്ച തിരുമാനത്തിലാണ് കോണ്‍ഗ്രസ്.അഞ്ച് തവണ കോണ്‍ഗ്രസ് മത്സരിച്ച് വിജയിച്ച മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ ഇറങ്ങിയാല്‍ മണ്ഡലം പിടിക്കാന്‍ തന്നെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

2011 ലായിരുന്നു എല്‍ഡിഎഫ് വിട്ടുവന്ന ജനതാദാളിന് കോണ്‍ഗ്രസ് ഈ സീറ്റ് നല്‍കിയത്. തുടര്‍ന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. മുന്‍ എംഎല്‍എ വി.ശിവന്‍ കുട്ടിയാണ് നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മന്‍ രാജശേഖരന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.