കെസിബിസി ന്യൂസിന്റെയും ഐക്കൺ മീഡിയയുടെയും ആഭിമുഖ്യത്തിൽ ഫ്രാൻസിസ് പാപ്പായുടെ ചാക്രിക ലേഖനം 'ഫ്രത്തെല്ലി തൂത്തി' അടിസ്ഥാനമാക്കി രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച 'സോദരർ സർവരും' എന്ന രാഷ്ട്രീയ സംവാദപരമ്പരയിൽ മാർ ജോസഫ് പാംപ്ലാനി സംവദിക്കുകയുണ്ടായി.
ഈ തെരഞ്ഞെടുപ്പ് കാലത്ത് വളരെ പ്രശസ്തമായ വിഷയമാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ ചാക്രിയ ലേഖനത്തിലൂടെ അവതരിപ്പിക്കുന്നത്. മാർപാപ്പയുടെ രാഷ്ട്രീയ വീക്ഷണം വളരെ കാലിക പ്രശസ്തിയുള്ളതാണ്. പാപ്പ അതിൽ പറയുന്നത് ഏറ്റവും അവസാനത്തെവന്റെ ഒപ്പം നിൽക്കുന്നത് രാഷ്ട്രീയത്തെ നല്ല രാഷ്ട്രീയമാക്കി മാറ്റുന്നു. എല്ലാവരുടെയും വിചാരവികാരങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന, എതിർ സ്വരങ്ങളോട് സർഗ്ഗാത്മകമായി സംവദിക്കാൻ കഴിയുന്ന രാഷ്ട്രീയത്തെ മാർപാപ്പ നല്ല രാഷ്ട്രീയമെന്ന് വിശേഷിപ്പിക്കുന്നത്. കുടുംബ ബന്ധത്തിന്റെ ഹൃദ്യത പുലർത്തുന്ന രാഷ്ട്രീയ സൗഹൃദങ്ങളെ മാർപാപ്പ സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുന്നതെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
സഭയ്ക്ക് രാഷ്ട്രീയമില്ലേയെന്ന് ചോദിച്ചാൽ സഭയിലെ അംഗങ്ങൾക്ക് രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം സഭയുടെ വിശ്വാസവുമായി ഒത്തുപോകുന്നതാവണം. സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ നീറുന്ന പ്രതിസന്ധികളോടോ ഗതികേടുകളോടോ ഇരുമുന്നണികളും ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ല എന്നത് തന്നെയാണ് സഭയുടെ വളരെ വ്യക്തമായ അഭിപ്രായമെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ അതിന്റെ ജീവാത്മാവും പരമാത്മാവുമായി നിലനിന്നിരുന്നത് ഗാന്ധിയൻ ദർശനമാണ്. മഹാത്മാഗാന്ധി ഒരു തികഞ്ഞ ഹിന്ദുമത വിശ്വാസിയായിരുന്നിട്ടും എല്ലാ മനുഷ്യരോടും സമഭാവനയിൽ വർദ്ധിക്കുകയും സ്വന്തം മതത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുമ്പോൾ തന്നെ ഇതര മതങ്ങളെ അതേ ആദരവോടെ നോക്കി കാണാനും അവരെ സ്വന്തം സഹോദരങ്ങളായി കരുതി സ്നേഹിക്കാനും കഴിയുന്ന ഒരു രാഷ്ട്രീയ വീക്ഷണം ആയിരുന്നു ഗാന്ധിയുടേത്.
തൊണ്ണൂറുകൾക്ക് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ച ഒരു വലിയ മാറ്റമാണ് മതപരമായ രീതിയിലുള്ള ധ്രുവീകരണം. ഇത് പ്രകാരം മതപരമായി രാഷ്ട്രീയം പിരിഞ്ഞു ഇത് ദുഃഖകരമായ യാഥാർത്ഥ്യമാണ്. മഹാത്മാഗാന്ധിയുടെ വീക്ഷണത്തിൽ രാഷ്ട്രീയത്തിന് ആത്മാവായി പ്രവർത്തിക്കുന്നതാണ് മതം. എന്നാൽ മതം നേരിട്ട് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് പോയാൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലും സൗദിയും ഇന്ത്യയും തമ്മിലും വ്യത്യാസമില്ലാത്ത സാഹചര്യമുണ്ടാകും. ഇത് ഗാന്ധി എന്നും ഭയപ്പെട്ടിരുന്ന രാഷ്ട്രീയ അവസ്ഥയായിരുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ, ആ ഒരു അവസ്ഥയിലേക്കാണ് ഭാരതം ഇന്ന് സാവകാശം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പിതാവ് ചൂണ്ടിക്കാണിക്കുകയുണ്ടായി.
അതേസമയം കർഷക സമരത്തിൽ കർഷകൻ വിവരമില്ലാതെ പറയുന്നതാണെന്ന് ഭരണകൂടം ആക്ഷേപിക്കുമ്പോൾ നമുക്ക് തിരിച്ചറിയാൻ പറ്റും അവര് നമ്മുടെ നാട്ടിൽ ജീവിച്ച് നമ്മളെ നാളിതുവരെ അന്നമൂട്ടിയ മനുഷ്യരെ നോക്കിയാണ് ഖാലിസ്ഥാൻ ഭീകരന്മാരെന്നും പാകിസ്ഥാൻ ചാരന്മാരെന്നും വിശേഷിപ്പിക്കുന്നതെന്നും പാംപ്ലാനി പിതാവ് വ്യക്തമാക്കുകയുണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.