'പൊന്നേ...കരളേ...പോകല്ലേ; പുതുപ്പള്ളി വിട്ടെങ്ങും പോകല്ലേ'... പോകില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്

'പൊന്നേ...കരളേ...പോകല്ലേ; പുതുപ്പള്ളി വിട്ടെങ്ങും പോകല്ലേ'... പോകില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്

കോട്ടയം: കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കു ശേഷം ഡല്‍ഹിയില്‍ നിന്ന് സ്വന്തം തട്ടകമായ പുതുപ്പള്ളിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്ക് പ്രവര്‍ത്തകരുടെ ഊഷ്മള സ്വീകരണം.

സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ തിക്കിത്തിരക്കിയപ്പോള്‍ കാറിനുള്ളില്‍ നിന്ന് വീട്ടിലേക്ക് കയറാന്‍ പോലും ഉമ്മന്‍ ചാണ്ടി ഏറെ പണിപ്പെട്ടു. 'പൊന്നേ...കരളേ...പോകല്ലേ. പുതുപ്പള്ളി വിട്ടെങ്ങും പോകല്ലേ... എന്ന മുദ്രാവാക്യം മുഴക്കി അണികള്‍ ഒഴുകിയെത്തുകയായിരുന്നു.

ഉമ്മന്‍ ചാണ്ടി യുഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരം ജില്ലയിലെ നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹം ശക്തിപ്പെട്ടതോടെയാണ് പ്രതിഷേധവുമായി പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഇതിനിടെ ഒരാള്‍ വീടിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.

ചിലര്‍ കരഞ്ഞുകൊണ്ടാണ് പുതുപ്പള്ളി വിടരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്നും മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസിസി നേതൃത്വം എഐസിസിക്ക് കത്തയച്ചു. പ്രതിഷേധം ശക്തമായതോടെ പുതുപ്പള്ളി വിട്ട് എങ്ങും പോകില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തകര്‍ക്ക് വാക്ക് കോടുത്തു.

സംസ്ഥാനത്താകെ പ്രചാരണം നടത്തേണ്ട ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുകയാണ് വേണ്ടതെന്ന് കെ.സി. ജോസഫ് പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ ഏകസീറ്റായ നേമത്ത്് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഒരു പ്രമുഖ നേതാവിനെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു. ഉമ്മന്‍ ചാണ്ടി തന്നെ നേമത്ത് ബിജെപിയെ നേരിടുന്നത് സംസ്ഥാനത്താകെ അനുകൂല പ്രതികരണമുണ്ടാക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.