കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തൃക്കരിപ്പൂരില്‍ കെഎം മാണിയുടെ മരുമകന്‍ എം.പി ജോസഫാണ് സ്ഥാനാര്‍ത്ഥി.
പി.ജെ ജോസഫ് തൊടുപുഴയിലും മോന്‍സ് ജോസഫ് കടുത്തുരുത്തിയിലും മത്സരിക്കും. ഇടുക്കിയാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ മണ്ഡലം. ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍ സ്ഥാനാര്‍ത്ഥിയാകും. കോതമംഗലത്ത് ഷിബു തെക്കുംപുറം, കുട്ടനാട്ടില്‍ അഡ്വ. ജേക്കബ് എബ്രഹാം, ചങ്ങനാശ്ശേരിയില്‍ വി.ജെ ലാലി, ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസ്, തിരുവല്ലയില്‍ കുഞ്ഞുകോശി പോള്‍, തൃക്കരിപ്പൂരില്‍ എംപി ജോസഫ് എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടിക.
ജോസഫ് എം പുതുശേരിക്കും സജി മഞ്ഞക്കമ്പനും സീറ്റില്ലാത്തത് തിരുവല്ലയിലും ഏറ്റുമാനൂരും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയേക്കും. സജി മഞ്ഞക്കടമ്പന്റെ പേര് പരിഗണിച്ചിരുന്ന ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ പ്രിന്‍സ് ലൂക്കോസിനാണ് അവസരം കിട്ടിയത്. ചങ്ങനാശേരിയില്‍ സി.എഫ് തോമസിന്റെ കുടുംബത്തില്‍ നിന്നൊരാള്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാനം പരിഗണിച്ചത് വി.ജെ ലാലിയെയാണ്.
13 സീറ്റാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഒമ്പത് സീറ്റ് മാത്രമെ നല്‍കാനാകു എന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. അവസാന നിമിഷമാണ് തൃക്കരിപ്പൂര്‍ കൂടി ജോസഫിന് വിട്ട് നല്‍കാന്‍ ധാരണയായത്. ഇവിടെയാണ് കെഎം മാണിയുടെ മരുമകന്‍ എം.പി ജോസഫ് മത്സരിക്കുന്നത്.
പിളര്‍പ്പിന് മുമ്പ് 15 സീറ്റിലാണ് കേരളാ കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിക്ക് ഒപ്പവും പിജെ ജോസഫ് പക്ഷം യുഡിഎഫിനൊപ്പവും ജനവിധി തേടുന്ന ഈ തെരഞ്ഞെടുപ്പില്‍ 13 സീറ്റാണ് ഇടതുമുന്നണി ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.