ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡല്‍ഹിയിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേയ്ക്കുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര്‍. ശ്രീകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ ശ്രീകുമാറിന് വീഴ്ച സംഭവിച്ചതായി അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രോട്ടോക്കോള്‍ ഓഫീസറും വിമാനക്കമ്പനി അധികൃതരും തമ്മിലുള്ള ആശയ വിനിമയത്തിലെ വീഴ്ച്ചയാണ് പ്രതിപക്ഷ നേതാവിന്റെ യാത്ര മുടങ്ങാന്‍ കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായതിന് പിന്നാലെയാണ് നടപടി.
ശനിയാഴ്ചയാണ് സിപിഎം പിബി യോഗത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങാന്‍ പിണറായി വിജയന്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കോഴിക്കോടേക്കുള്ള ഇന്‍ഡിഗോ വിമാനമായിരുന്നു ലക്ഷ്യം. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്ന് ഉച്ചയ്ക്ക് 2.50 നായിരുന്നു വിമാനം.
വിഐപി ലോഞ്ചില്‍ വിശ്രമിക്കുകയായിരുന്ന പിണറായിയും സെക്രട്ടറിയും വിമാനം പുറപ്പെടാന്‍ തയ്യാറെടുക്കുന്ന വിവരം അവസാന നിമിഷമാണ് അറിഞ്ഞത്. ഇരുവരും ബോര്‍ഡിംഗ് ഗേറ്റിലെത്തിയപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു. പിണറായി എത്തിയ വിവരം പ്രോട്ടോക്കോള്‍ വിഭാഗം ഇന്‍ഡിഗോയെ അറിയിച്ചിരുന്നു.
എന്നാല്‍ വിമാനം പുറപ്പെടുന്ന വിവരം പിണറായിയെ വിമാനക്കമ്പനി പ്രതിനിധി അറിയിച്ചില്ല. ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയവര്‍ ലോഞ്ചിലുള്ളപ്പോള്‍ അറിയിക്കാറുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവിന് സ്വകാര്യ കമ്പനിയായ ഇന്‍ഡിഗോ ആ സേവനം നല്‍കാത്തതിനാല്‍ അനൗണ്‍സ്മെന്റ് മാത്രമാണ് നടത്തിയത്. അനൗണ്‍സ്മെന്റ് കേട്ട് ഒപ്പമുണ്ടായിരുന്നവര്‍ അദേഹത്തെ ബോര്‍ഡിംഗ് ഗേറ്റില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും സമയം കഴിഞ്ഞിരുന്നു.
തുടര്‍ന്ന് വൈകുന്നേരം 7.15 ന്റെ കണ്ണൂര്‍ വിമാനത്തിലാണ് പിണറായി വിജയന്‍ മടങ്ങിയത്. പിണറായിക്കൊപ്പം വിമാനത്താവളത്തിലുണ്ടായിരുന്ന പ്രോട്ടോക്കോള്‍ ഓഫീസര്‍ യഥാസമയം ഇടപെടാത്തത് വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.
സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. കേരള ഹൗസ് പ്രോട്ടോക്കോള്‍ വിഭാഗത്തോട് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവും തേടിയിരുന്നു. എന്നാല്‍ സംഭവത്തില്‍ കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കെതിരെ നടപടി വേണ്ടെന്നെന്ന നിലപാടിലായിരുന്നു പിണറായി വിജയന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.