വത്തിക്കാൻ സിറ്റി: യഥാർത്ഥ സ്നേഹം ആസക്തികൾ ഇല്ലാത്തതും നഷ്ടങ്ങൾ സഹിക്കുന്നതും ആവശ്യക്കാർക്ക് ആതിഥ്യമരുളുന്നതുമാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ തീർത്ഥാടകർക്കൊപ്പം മധ്യാഹ്ന മരിയൻ പ്രാർത്ഥനയിൽ പങ്കെടുക്കുകയായിരുന്നു മാർപാപ്പ.
അന്നേ ദിവസത്തെ സുവിശേഷ വായനയെ (മത്തായി 10: 37-42) ധ്യാന വിഷയമാക്കിയ പാപ്പാ, ശിഷ്യത്വം നമ്മിൽനിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങളും യേശുവുമായുള്ള സ്നേഹബന്ധത്തിന് നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിക്കുക എന്നതിന്റെ അർത്ഥവുമാണ് വിചിന്തനം ചെയ്തത്.
സ്നേഹമെന്നാൽ ആസക്തിയില്ലായ്മയും ത്യാഗവും ആതിഥ്യമര്യാദയുമാണെന്ന് പാപ്പാ പറഞ്ഞു. തന്നെ അനുഗമിക്കാനായി മാതാപിതാക്കളെ ഉപേക്ഷിക്കേണ്ട ഒരു മുതിർന്ന കുട്ടിയുടെ ഉദാഹരണമാണ് യേശു ഇക്കാര്യത്തിൽ നൽകുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. നമ്മുടെ ബന്ധങ്ങളിൽ നാം പൂർണത കണ്ടെത്തുന്നത് യേശു നൽകുന്ന സ്നേഹം അനുഭവിക്കുമ്പോൾ മാത്രമാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
വിവാഹ ബന്ധത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഒരാളുടെ മാതാപിതാക്കന്മാരുടെ ഭവനം ഉപേക്ഷിക്കുമ്പോഴാണ് വൈവാഹിക ജീവിതത്തിൻ്റെ പ്രതിബദ്ധത കൈവരിക്കാനാകുന്നത്. അതേസമയം, കുട്ടികൾ 'സ്വന്തം കാലുകളിൽ നിൽക്കാൻ' പഠിക്കുന്ന വിധമായിരിക്കണം മാതാപിതാക്കന്മാർ അവരെ വളർത്തേണ്ടത്. എങ്കിൽ മാത്രമേ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും അനുഭവിക്കാൻ അവർക്കു സാധിക്കുകയുള്ളൂ.
സ്നേഹത്തിൻ്റെ മറ്റൊരു പ്രധാനവശം ത്യാഗമാണെന്ന് ലിയോ പാപ്പാ തുടർന്നുപറഞ്ഞു. എല്ലാം കൈവശപ്പെടുത്താൻ വെമ്പൽ കൊള്ളുന്ന ഇന്നത്തെ ലോകത്തിന് ഇത് മനസ്സിലാക്കാൻ പ്രയാസമാണ്. മറ്റൊരാൾക്കുവേണ്ടി അല്പം സമയമോ സ്ഥലമോ സൗകര്യമോ ത്യജിക്കാൻ തയ്യാറായിക്കൊണ്ട് സ്വയം ദാനം ചെയ്യുമ്പോൾ മാത്രമാണ് സ്നേഹം ഫലമണിയുന്നത്.
യേശു നമ്മോടു പറയുന്നു:
'സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അതു നഷ്ടപ്പെടുത്തും.എന്നെ പ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും.' (മത്തായി 10 : 39) യേശു ചെയ്തതുപോലെ കുരിശിനെ ആശ്ലേഷിക്കാനും നമ്മെത്തന്നെ സമർപ്പിക്കാനുമാണ് ക്രിസ്ത്യാനികളായ നാം വിളിക്കപ്പെട്ടിരിക്കുന്നത്. 'സ്വയം ദാനമാവുക' എന്ന യുക്തിക്കനുസൃതമായാണ് നാം ജീവിക്കുന്നതെങ്കിൽ നമ്മുടെ ബന്ധങ്ങളിൽ പുതുജീവൻ കൊണ്ടുവരാൻ നമുക്ക് തീർച്ചയായും സാധിക്കുമെന്ന് ലിയോ പാപ്പാ പറഞ്ഞു.
മൂന്നാമതായി, സ്നേഹം പ്രകടിപ്പിക്കുന്നതിൽ ആതിഥ്യമര്യദയ്ക്കുള്ള പ്രാധാന്യത്തെയാണ് മാർപാപ്പ എടുത്തുകാട്ടിയത്. ഉദാഹരണമായി, ദാഹിക്കുന്ന ഒരാൾക്ക് ഒരു ഗ്ലാസ് വെള്ളം നൽകുന്നതുപോലുള്ള ചെറിയ ചെറിയ ദൈനംദിന പ്രവൃത്തികളും അർത്ഥവത്തായ തീരുമാനങ്ങളും സ്നേഹം പ്രകടിപ്പിക്കുന്നതിൽ നമ്മെ കൂടുതൽ പ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നു.
യാതൊരു മുൻകൂർ സജ്ജീകരണങ്ങളും ഇല്ലാതെയാണ് യേശു തൻ്റെ ശിഷ്യന്മാരെ സുവിശേഷം പ്രസംഗിക്കാനായി നിയോഗിച്ചത്. ഇത് യേശുവിൻ്റെ നാമത്തിൽ വരുന്നവരെ സ്വീകരിക്കണമെന്നും അവരോട് ആതിഥ്യമര്യാദ കാണിക്കണമെന്നും നമ്മെ പഠിപ്പിക്കാൻ വേണ്ടിയായിരുന്നു.
'യേശുവിൻ്റെ നാമത്തിൽ വരുന്നവരെ സ്വീകരിക്കുന്നതുവഴി, നാം യേശുവിനെയും അവിടുത്തെ അയച്ച പിതാവിനെയുമാണ് സ്വീകരിക്കുന്നത്. അതെ, കർത്താവിനോടുള്ള സ്നേഹം നമ്മുടെ സഹോദരീസഹോദരന്മാരെ എപ്പോഴും സ്വാഗതം ചെയ്യാനും നമ്മെ പ്രേരിപ്പിക്കും' - ഈ വാക്കുകളോടെ പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.