വത്തിക്കാൻ സിറ്റി: വിശുദ്ധരായ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പ്രത്യേക ചടങ്ങിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് പുതിയ മെത്രാപ്പോലീത്തമാർക്ക് പാലിയം അണിയിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. സഭയുടെ അധികാരത്തിന്റെയും ആഗോള ഐക്യത്തിന്റെയും പ്രതീകമായ പാലിയം, ഈ വർഷം നിയമിതരായ 32 മെത്രാപ്പോലീത്തമാരോടൊപ്പമാണ് ഇന്ത്യൻ ആർച്ച് ബിഷപ്പുമാരും സ്വീകരിച്ചത്.
കൊൽക്കത്ത ആർച്ച് ബിഷപ്പ് ഏലിയാസ് ഫ്രാങ്ക്, മധുര ആർച്ച് ബിഷപ്പ് അന്തോണിസാമി സാവരിമുത്തു എന്നിവരാണ് വത്തിക്കാനിൽ ഈ ബഹുമതി ഏറ്റുവാങ്ങിയത്.
വെള്ള കമ്പിളികൊണ്ട് നിർമ്മിച്ച് ആറ് കറുത്ത കുരിശുകൾ ആലേഖനം ചെയ്ത വസ്ത്രമാണ് പാലിയം. തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന അജഗണത്തെ നല്ല ഇടയനെപ്പോലെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തെയും മാർപാപ്പയുമായും ആഗോള സഭയുമായും പ്രാദേശിക രൂപതകൾക്കുള്ള അവിഭാജ്യമായ ബന്ധത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്.
കർണാടക സ്വദേശിയായ ആർച്ച് ബിഷപ്പ് ഏലിയാസ് ഫ്രാങ്ക്, അസൻസോൾ രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ച ശേഷമാണ് 2025 സെപ്റ്റംബറിൽ കൊൽക്കത്തയുടെ ആർച്ച് ബിഷപ്പായി ചുമതലയേറ്റത്. പാളയംകോട്ട രൂപതയുടെ മുൻ മെത്രാനായിരുന്ന ആർച്ച് ബിഷപ്പ് അന്തോണിസാമി സാവരിമുത്തു മധുര രൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 ജൂലൈയിലാണ് അദേഹം മധുരയുടെ ആർച്ച് ബിഷപ്പായി നിയമിതനായത്.
സഭയുടെ കാവൽക്കാരായ വിശുദ്ധ പത്രോസിനെയും പൗലോസിനെയും സഭയുടെ രണ്ടു വലിയ തൂണുകളായി മാർപാപ്പ വിശേഷിപ്പിച്ചു. മാനുഷിക ബലഹീനതകൾക്കിടയിലും സുവിശേഷത്തിന്റെ അസാധാരണ സാക്ഷികളായി മാറിയ ഇവരുടെ പാത പിന്തുടർന്ന് വിശ്വാസികൾക്ക് നല്ല ഇടയന്മാരായി മാറാൻ പാപ്പ ആർച്ച് ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു.
ചടങ്ങിൽ സന്നിഹിതരായിരുന്ന കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് മാർപാപ്പ പ്രത്യേക ആശംസകൾ നേർന്നു. സഭയിലെ കൂട്ടായ്മയും ഐക്യവും കൂടുതൽ ശക്തിപ്പെടുത്താൻ പ്രാർത്ഥിച്ചു കൊണ്ടാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.