വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തിക്കൊണ്ട് മൂന്നുദിവസമായി തുടരുന്ന യുഎസ്-ഇറാൻ വെടിനിർത്തൽ ലംഘനങ്ങൾക്ക് വിരാമമിടാൻ ധാരണയായതായി റിപ്പോർട്ട്. പരസ്പരമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായും അന്തിമ കരാറിലെത്തുന്നത് സംബന്ധിച്ച ചർച്ചകൾ നാളെ ദോഹയിൽ നടക്കുമെന്നും രാജ്യാന്തര മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
മാസങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിക്കാൻ രണ്ടാഴ്ച മുൻപ് ഒപ്പിട്ട ഇടക്കാല സമാധാനക്കരാർ ലംഘിച്ചുകൊണ്ടാണ് യുഎസും ഇറാനും ഇസ്രയേലും വീണ്ടും ഏറ്റുമുട്ടിയത്. ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തെ ബദൽ പാതയിലൂടെ കപ്പലുകൾ കടത്തിവിടാനുള്ള യുഎസ് സേനയുടെ ശ്രമവും തെക്കൻ ലബനനിൽ നിന്ന് പിന്മാറാൻ ഇസ്രയേൽ തയ്യാറാകാത്തതുമാണ് നിലവിലെ സംഘർഷങ്ങൾക്ക് വഴിവെച്ചത്.
തെക്കൻ ഇറാനിലെ ഖിഷം ദ്വീപ്, സിരിക്, ബന്തർലൻക തീരനഗരങ്ങൾ എന്നിവിടങ്ങളിൽ യുഎസ് നടത്തിയ ബോംബാക്രമണങ്ങൾക്ക് മറുപടിയായി ബഹ്റൈനിലും കുവൈത്തിലും ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി.
ഇറാൻ നടത്തിയ ആക്രമണങ്ങളിൽ എട്ട് യുഎസ് താവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി അവർ അവകാശപ്പെട്ടു. സംഘർഷത്തിനിടെ ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന ഖത്തർ പൗരൻ ഷെൽ തറച്ച് മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ബഹ്റിനിലെ മുഹറാഖ് പ്രവിശ്യയിലെ പാർപ്പിടസമുച്ചയം തകർന്നതായും ബഹ്റൈൻ അധികൃതർ അറിയിച്ചു. ഈ സംഭവങ്ങളെത്തുടർന്ന് യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേരണമെന്ന് ബഹ്റിൻ ആവശ്യപ്പെട്ടിരുന്നു. ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.