കോട്ടയം: ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് നാടകീയ സംഭവങ്ങള്‍. പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. വീടിന് മുകളില്‍ കയറി ഒരു പ്രവര്‍ത്തകന്‍ ഭീഷണി മുഴക്കി. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്ന് ഉറപ്പുനല്‍കാതെ വീടിന് താഴെ ഇറങ്ങില്ലെന്ന് പ്രവര്‍ത്തകന്‍ വ്യക്തമാക്കുകയായിരുന്നു.
ഇക്കാര്യം ആവശ്യപ്പെട്ട് കോട്ടയം ഡിസിസി എഐസിസിക്ക് കത്തു നല്‍കി. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയെ വിട്ടു തരില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. സീറ്റു ചര്‍ച്ചകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഇന്ന് പുതുപ്പള്ളിയിലെത്തുന്ന സമയത്തായിരുന്നു പ്രതിഷേധം. ഉമ്മന്‍ചാണ്ടിയെത്തിയ കാറിന് ചുറ്റും പ്രവര്‍ത്തകര്‍ തടിച്ചു കൂടുകയായിരുന്നു. പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. ഉമ്മന്‍ചാണ്ടി എത്തിയതോടെ വാഹനം തടഞ്ഞുനിര്‍ത്തിയ പ്രവര്‍ത്തകര്‍ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ചിലര്‍ കരഞ്ഞുകൊണ്ടാണ് പുതുപ്പള്ളി വിടരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.
ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് അണികള്‍ പ്രതിഷേധം ശക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. വനിതാ പ്രവര്‍ത്തകരടക്കമുള്ളവരാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധിക്കാന്‍ എത്തിയത്. അമ്പത് വര്‍ഷം തങ്ങളെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മാറില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സിരിക്കും. സംസ്ഥാനത്താകെ പ്രചാരണം നടത്തേണ്ട ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുകയാണ് വേണ്ടതെന്ന് കെ സി ജോസഫ് വ്യക്തമാക്കി. കേരളത്തില്‍ ബിജെപിയുടെ ഏകസീറ്റായ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഒരു പ്രമുഖ നേതാവിനെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഉമ്മന്‍ ചാണ്ടി തന്നെ ബിജെപിയെ നേരിടുന്നതിന് നേമത്ത് മത്സരിക്കണമെന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്.
അതിനിടെ നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കെ. മുരളീധരന്‍ രംഗത്ത് വന്നു. നേമത്ത് മത്സരിക്കാന്‍ ഉപാധികള്‍ വെക്കില്ല. മത്സരിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ബി.ജെ.പിയെ ഭയമില്ലെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആരും കരുതണ്ടെന്നും അദ്ദേഹം പറഞ്ഞു. വടകര സീറ്റ് ആര്‍.എം.പി കൊടുത്തെങ്കിലും കെ.കെ രമ തന്നെ മത്സരിക്കണമെന്ന് നിര്‍ബന്ധമില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള അവകാശം ആര്‍.എം.പിക്കാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.