ഗാസ സിറ്റി: രണ്ട് പതിറ്റാണ്ടിലേറെയായി ഗാസ മുനമ്പിൽ ഭരണചക്രം തിരിച്ചിരുന്ന ഹമാസ് തങ്ങളുടെ ഭരണസമിതി ഔദ്യോഗികമായി പിരിച്ചുവിട്ടു. ഗാസയുടെ ഭരണം പൂർണമായും സിവിലിയൻ തലത്തിലേക്ക് മാറ്റുന്നതിനും യുദ്ധാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിച്ച ‘നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്‌ട്രേഷൻ ഓഫ് ഗാസ’ എന്ന ടെക്നോക്രാറ്റിക് (വിദഗ്ധ) സമിതിക്ക് ഭരണച്ചുമതല കൈമാറുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നടപടി.
ഗവൺമെന്റ് എമർജൻസി കമ്മിറ്റി തലവൻ മുഹമ്മദ് അൽ-ഫറ ഔദ്യോഗികമായി രാജി സമർപ്പിച്ചതോടെയാണ് ഭരണ സമിതി പിരിച്ചുവിടൽ നടപടികൾ പൂർത്തിയായതെന്ന് ഹമാസ് ഗവൺമെന്റ് മീഡിയ ഓഫീസ് മേധാവി ഇസ്മായിൽ അൽ-തവാബ്ത അറിയിച്ചു. നിലവിലെ ഭരണ സംവിധാനം പുതിയ സമിതിയിലേക്ക് സുഗമമായി മാറുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് അദേഹം വ്യക്തമാക്കി.
2025 ൽ ഹമാസും ഇസ്രയേലും തമ്മിലുണ്ടായ വെടിനിർത്തൽ കരാറിന്റെ ഫലമായാണ് നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്‌ട്രേഷൻ ഓഫ് ഗാസ രൂപീകരിക്കപ്പെട്ടത്. വിദഗ്ധർ ഉൾപ്പെടുന്ന ഈ സമിതി ഗാസയിലെ സിവിൽ ഭരണനിർവ്വഹണവും പുനർനിർമ്മാണ പ്രവർത്തനങ്ങളും മുൻനിർത്തിയായിരിക്കും പ്രവർത്തിക്കുക.
2007 മുതൽ ഗാസയുടെ സമ്പൂർണ നിയന്ത്രണം കൈയ്യാളിയിരുന്ന ഹമാസിന്റെ ഈ പിന്മാറ്റം മേഖലയിലെ ഭരണപരമായ പുനസംഘടനയ്ക്കും ജനങ്ങളുടെ പുനരധിവാസത്തിനും വഴിതുറക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.
ഭരണമാറ്റം നടപ്പിലാക്കുമ്പോഴും ഹമാസിന്റെ നിരായുധീകരണം, സുരക്ഷാ സംവിധാനങ്ങളുടെ നിയന്ത്രണം തുടങ്ങിയ നിർണായക വിഷയങ്ങളിൽ ചർച്ചകൾ സജീവമായി തുടരുകയാണ്. പുതിയ ഭരണ സംവിധാനത്തിന്റെ പ്രവർത്തന രീതികളും അധികാരപരിധിയും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.