അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ ഇന്ത്യന്‍ ഗവേഷകനും; ഡോ. ദേവേഷ് നന്ദല്‍ പ്രത്യേക ശാസ്ത്ര ഉപദേശക കൗണ്‍സില്‍ അംഗം

അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍  ഇന്ത്യന്‍ ഗവേഷകനും; ഡോ. ദേവേഷ് നന്ദല്‍ പ്രത്യേക ശാസ്ത്ര ഉപദേശക  കൗണ്‍സില്‍ അംഗം

ന്യൂയോര്‍ക്ക്: അന്യഗ്രഹ ജീവികളെ കണ്ടെത്താനുള്ള ശാസ്ത്ര ലോകത്തിന്റെ ചരിത്രപരമായ ദൗത്യത്തില്‍ ഇന്ത്യക്കാരനും. ഹരിയാന പാനിപ്പത്തിലെ ജാതല്‍ ഗ്രാമത്തില്‍ നിന്നുള്ള മുപ്പത്തേഴുകാരനായ ഡോ. ദേവേഷ് നന്ദല്‍ എന്ന ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനാണ് ഈ സുവര്‍ണാവസരം ലഭിച്ചിരിക്കുന്നത്.

വൈറ്റ് ഹൗസ്, പെന്റഗണ്‍, എഫ്ബിഐ, അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയ്ക്ക് 'അണ്‍ ഐഡന്റിഫൈഡ് അനോമലസ് ഫിനോമിന' (യുഎപി) സംബന്ധിച്ച വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിനായി ഹാര്‍വാര്‍ഡ് പ്രൊഫസര്‍ അവി ലോബ് രൂപീകരിച്ച പ്രത്യേക ശാസ്ത്ര ഉപദേശക കൗണ്‍സിലിലേക്ക് കഴിഞ്ഞ മാസമാണ് ദേവേഷ് തിരഞ്ഞെടുക്കപ്പെട്ടത്.

ആകാശത്ത് കാണപ്പെടുന്ന വിമാനങ്ങളോ മറ്റ് പ്രകൃതിദത്ത പ്രതിഭാസങ്ങളോ ആയി തരം തിരിക്കാന്‍ കഴിയാത്ത നിഗൂഢ പ്രതിഭാസങ്ങളെയാണ് നാസ യുഎപി എന്ന് വിളിക്കുന്നത്. ആസ്‌ട്രോ ഫിസിക്‌സ്, ഇലക്ട്രോണിക് എഞ്ചിനീയറിങ് എന്നീ മേഖലകളിലെ വൈദഗ്ധ്യം കണക്കിലെടുത്താണ് ദേവേഷ് നന്ദലിനെ ഈ പ്രത്യേക ശാസ്ത്ര ഉപദേശക കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തത്.

ആകാശത്ത് കാണപ്പെടുന്ന നിഗൂഢ പ്രതിഭാസങ്ങള്‍ ഭൂമിയില്‍ നിന്നുള്ളതാണോ അതോ അന്യഗ്രഹങ്ങളില്‍ നിന്നുള്ളതാണോ എന്ന് തിരിച്ചറിയാന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ടൂളുകള്‍ ഉപയോഗിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്യുകയാണ് തന്റെ ചുമതലയെന്ന് ദേവേഷ് നന്ദല്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ഹാര്‍വാര്‍ഡ് ആന്‍ഡ് സ്മിത്സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫി സിക്‌സിലെ ഗവേഷകനായ ദേവേഷ്, ഊഹാപോഹങ്ങള്‍ക്ക് അപ്പുറം ആധുനിക ആസ്‌ട്രോ ഫിസിക്‌സ് രീതികള്‍ ഉപയോഗിച്ച് ഇത്തരം നിഗൂഢ ദൃശ്യങ്ങളെ ശാസ്ത്രീയമായി വിലയിരുത്താന്‍ ടീമിനെ സഹായിക്കുന്നു.

അന്യഗ്രഹ ജീവനെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സമിതിയുടെ രൂപീകരണം. ഈ വര്‍ഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശ പ്രകാരം യുഎഫ്ഒ ദൃശ്യങ്ങളെക്കുറിച്ചുള്ള ചില രഹസ്യരേഖകള്‍ പെന്റഗണ്‍ പുറത്തുവിട്ടിരുന്നു.

പാനിപ്പത്തില്‍ താമസിക്കുന്ന ദേവേഷിന്റെ പിതാവ് ഡോ. സുമേര്‍ സിങ് നന്ദല്‍ ഹരിയാണ കായിക വകുപ്പിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും മികച്ചൊരു ജൂഡോ പരിശീലകനുമാണ്. അമ്മ ഡോ. ശകുന്തള നന്ദല്‍ സോഷ്യോളജി പ്രൊഫസറായിരുന്നു. മകന്റെ നേട്ടത്തില്‍ കുടുംബം ഏറെ ആവേശത്തിലാണ്.

പത്താം വയസ്സില്‍ അച്ഛന്‍ കോച്ചായിരുന്ന ഹിസാറിലെ സ്റ്റേഡിയത്തില്‍ നിന്ന് ജൂഡോ പരിശീലനം ആരംഭിച്ച ദേവേഷ് 2006 ല്‍ ജൂനിയര്‍ ജൂഡോ ഫെഡറേഷന്‍ കപ്പില്‍ സ്വര്‍ണം നേടിയ ഹരിയാന ടീമില്‍അംഗമായിരുന്നു. എന്നാല്‍ 17 വയസിന് ശേഷം ദേവേഷിന്റെ താല്‍പര്യം ശാസ്ത്രത്തിലേക്ക് തിരിയുകയായിരുന്നു എന്ന് പിതാവ് പറഞ്ഞു.

യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സില്‍ ഉപരിപഠനത്തിന് ചേര്‍ന്നതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ദേവേഷ് പറയുന്നു. പിന്നീട് സ്വിസ് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഫെലോഷിപ്പോടെ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയയിലും തുടര്‍ന്ന് ഹാര്‍വാര്‍ഡിലും അദ്ദേഹം എത്തിച്ചേര്‍ന്നു. ഐക്യരാഷ്ട്ര സഭയുടെ ജനീവ ഓഫീസിലെ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസറായ ഡോ. വിര്‍ജീനിയ തോംസണ്‍ ആണ് ദേവേഷിന്റെ ഭാര്യ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.