ചരിത്രത്തിന്റെ കണ്ണ് തുറപ്പിച്ച് മറ്റൊരു ഏട് കൂടി; ഒന്നാം നിഖ്യാ സൂനഹദോസ് ചേർന്ന പുരാതന ദേവാലയാവശിഷ്ടങ്ങൾ തുർക്കിയിൽ കണ്ടെത്തി

ചരിത്രത്തിന്റെ കണ്ണ് തുറപ്പിച്ച് മറ്റൊരു ഏട് കൂടി; ഒന്നാം നിഖ്യാ സൂനഹദോസ് ചേർന്ന പുരാതന ദേവാലയാവശിഷ്ടങ്ങൾ തുർക്കിയിൽ കണ്ടെത്തി

ഇസ്നിക്: ക്രൈസ്തവ സഭാ ചരിത്രത്തിലെ സുവർണ അധ്യായമായ എ.ഡി 325-ലെ ഒന്നാം നിഖ്യാ സൂനഹദോസ് ചേർന്നതെന്ന് കരുതപ്പെടുന്ന പുരാതന ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ ബർസ പ്രവിശ്യയിലുള്ള ഇസ്നിക്കിൽ കണ്ടെത്തി.

വിശ്വാസത്തിന്റെ അടിത്തറയായ 'നിഖ്യാ വിശ്വാസപ്രമാണം' രൂപംകൊണ്ട ഈ ചരിത്ര ഭൂമിയിലെ പുതിയ കണ്ടെത്തൽ ആഗോള ക്രൈസ്തവ ലോകത്തിന് വലിയൊരു സന്തോഷ വാർത്തയാണ്.

നിലവിൽ തടാകക്കരയിൽ സ്ഥിതി ചെയ്യുന്ന വലിയ ബസിലിക്കയ്ക്ക് തൊട്ടടിയിലാണ് പുരാവസ്തു ഗവേഷകർ ഈ നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. പുരാതനമായ ചെറിയ ദേവാലയത്തിന്റെ മതിലുകൾ, തറയിലെ ടൈൽ പാളികൾ, തൂണിന്റെ തറഭാഗം എന്നിവ ഖനനത്തിലൂടെ വിജയകരമായി പുറത്തെടുത്തിട്ടുണ്ട്.

ബർസ ഉലുദാഗ് സർവകലാശാലയിലെ പുരാവസ്തു വിഭാഗം മേധാവി പ്രൊഫസർ മുസ്തഫ ഷാഹിന്റെ നേതൃത്വത്തിലാണ് ഖനന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എ.ഡി. 368-ലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ തകർന്നുപോയ സെന്റ് നിയോഫിറ്റോസ് (Saint Neophytos) ദൈവാലയത്തിന്റെ ഭാഗങ്ങളാണ് ഇവയെന്ന് ഗവേഷകർ സ്ഥിരീകരിച്ചു.

സഭാ ചരിത്രകാരനായ യൗസേബിയോസ് തന്റെ പുസ്തകത്തിൽ സൂനഹദോസ് നടന്ന ദൈവാലയം വളരെ ചെറുതായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. നിലവിലെ വലിയ ബസിലിക്കയ്ക്ക് അടിയിൽ കണ്ടെത്തിയ അടിത്തറയും തറയോടുകളും യൗസേബിയോസ് പരാമർശിച്ച ആ വിശുദ്ധ ദൈവാലയം തന്നെയാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

എ.ഡി. 368-ലെ ഭൂകമ്പത്തിൽ ഈ ചെറിയ ദൈവാലയം തകർന്നതിനെ തുടർന്ന്, എ.ഡി. 380 ഓടെ സൂനഹദോസിൽ പങ്കെടുത്ത സഭാപിതാക്കന്മാരുടെ ഓർമ്മയ്ക്കായി അതേ സ്ഥാനത്ത് ‘ചർച്ച് ഓഫ് ദി ഹോളി ഫാദേഴ്സ്’ എന്ന വലിയ ബസിലിക്ക നിർമ്മിക്കുകയായിരുന്നു.

ഖനനത്തിനിടെ ഈന്തപ്പനയുടെയും വാളിന്റെയും ചിത്രങ്ങൾ കൊത്തിവച്ച ഒരു സ്വർണ മോതിരവും വിരൽകൊട്ടയും കണ്ടെത്തിയിട്ടുണ്ട്. എ.ഡി 729 ൽ ഉമയ്യദ് സാമ്രാജ്യം ഇസ്നിക് നഗരം ഉപരോധിച്ച കാലഘട്ടത്തിലേതാണ് ഇവയെന്ന് ചരിത്രകാരന്മാർ കരുതുന്നു.

2015 ൽ തുർക്കി സാംസ്കാരിക മന്ത്രാലയത്തിന്റെ അനുമതിയോടെ ആരംഭിച്ച ഖനനത്തിൽ നിലവിൽ ഇറ്റലിയിലെ കലാബ്രിയ സർവകലാശാലയിലെ പ്രൊഫസർ ഫ്രാൻസെസ്കോ കുട്ടേരിയുടെ നേതൃത്വത്തിലുള്ള സംഘവും പങ്കാളികളാണ്.

ക്രൈസ്തവ വിശ്വാസത്തിലും സഭാപരമായ ദൈവശാസ്ത്ര രൂപീകരണത്തിലും നിർണായക പങ്കുവഹിച്ച നിഖ്യാ സൂനഹദോസിന്റെ യഥാർഥ സ്ഥാനം കൃത്യമായി സ്ഥിരീകരിച്ചത് ക്രൈസ്തവ ചരിത്ര ഗവേഷണത്തിലെ വലിയൊരു വഴിത്തിരിവായി മാറിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.