പാക് വിമാനം അറബിക്കടലിന് മുകളില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

പാക് വിമാനം അറബിക്കടലിന് മുകളില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

കറാച്ചി: ഷാര്‍ജയില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പുറപ്പെട്ട പാക് ചരക്ക് വിമാനം അറബിക്കടലിന് മുകളില്‍ വെച്ച് അപ്രത്യക്ഷമായി. അഞ്ച് ജീവനക്കാരുമായി പറന്ന കെ 2 എയര്‍വേയ്സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനം കറാച്ചിക്ക് തെക്കുപടിഞ്ഞാറായി അറബിക്കടലില്‍ തകര്‍ന്നുവീണിരിക്കാമെന്നാണ് നിഗമനം. ചൊവ്വാഴ്ച രാത്രി കറാച്ചിക്ക് സമീപം വെച്ചാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്.

രാത്രി 9.18 ഓടെ വിമാനത്തിന്റെ നാവിഗേഷന്‍ സംവിധാനത്തില്‍ തകരാര്‍ ഉള്ളതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് വിമാനത്തെ സഹായിക്കാന്‍ കണ്‍ട്രോളര്‍മാര്‍ ശ്രമിച്ചെങ്കിലും 9.21 ന് റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായി. കറാച്ചിയില്‍ നിന്ന് ഏകദേശം 287 കിലോ മീറ്റര്‍ പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.

വിമാനം അസ്വാഭാവികമായ രീതിയില്‍ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കടല്‍നിരപ്പില്‍ നിന്ന് 1,100 അടി ഉയരത്തില്‍ വെച്ച് അവസാന സിഗ്‌നല്‍ ലഭിക്കുമ്പോള്‍ മിനിറ്റില്‍ 22,400 അടി എന്ന വേഗതയിലാണ് വിമാനം താഴേക്ക് പോയിരുന്നത്.

ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഒര്‍മാറയ്ക്ക് സമീപം അറബിക്കടലില്‍ വിമാനം തകര്‍ന്നു വീണിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി വിപുലമായ തിരച്ചില്‍ ആരംഭിച്ചു.

പാകിസ്ഥാന്‍ നാവിക സേനയുടെ യുദ്ധക്കപ്പല്‍, വ്യോമ സേനയുടെ വിമാനങ്ങള്‍, നേവിയുടെ വിമാനം എന്നിവ രക്ഷാ പ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പാക് യുദ്ധകപ്പലായ പിഎന്‍എസ് സുള്‍ഫിക്കറും തിരച്ചിലില്‍ പങ്കുചേരുന്നുണ്ട്.

27 വര്‍ഷം പഴക്കമുള്ള ഈ വിമാനം നേരത്തെ റഷ്യന്‍ വിമാനക്കമ്പനിയാണ് സര്‍വീസ് നടത്തിയിരുന്നത്. 2012 ല്‍ ചരക്ക് വിമാനമാക്കി മാറ്റിയ ഇതിനെ 2024 ലാണ് കറാച്ചി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ കെ 2 എയര്‍വേയ്സ് ഏറ്റെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.