മലയാളിപ്പെരുമ വിണ്ണിലേക്ക്: ചരിത്രമെഴുതാന്‍ ഡോ. അനില്‍ മേനോന്‍ ജൂലൈ 14 ന് ബഹിരാകാശത്തേക്ക്

മലയാളിപ്പെരുമ വിണ്ണിലേക്ക്: ചരിത്രമെഴുതാന്‍ ഡോ. അനില്‍ മേനോന്‍ ജൂലൈ 14 ന് ബഹിരാകാശത്തേക്ക്

വാഷിങ്ടണ്‍: ബഹിരാകാശ ഗവേഷണ രംഗത്ത് മലയാളി തിളക്കവുമായി ഡോ. അനില്‍ മേനോന്‍ ചരിത്രത്തിലേക്ക്. നാസയിലെ ബഹിരാകാശ യാത്രികനും മെഡിക്കല്‍ ഡോക്ടറും മുന്‍ യു.എസ് വ്യോമസേനാ ഉദ്യോഗസ്ഥനുമായ അനില്‍ മേനോന്റെ കന്നി ബഹിരാകാശ ദൗത്യം ജൂലൈ 14 ന് ഖസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് ആരംഭിക്കും.

ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന സ്വപ്ന തുല്യമായ നേട്ടത്തിനരികെയാണ് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്റെയും ഉക്രെയ്ന്‍ വംശജയായ എലിസബത്തിന്റെയും മകനായ ഈ 49 കാരന്‍.

റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവര്‍ക്കൊപ്പം റോസ്‌കോസ്മോസ് സോയൂസ് എംഎസ്-29 എന്ന പേടകത്തിലാണ് അദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചുയരുക. ഏകദേശം എട്ട് മാസത്തോളം നീണ്ടുനില്‍ക്കുന്നതാണ് ഈ നിര്‍ണായക ദൗത്യം. യു.എസ് എയര്‍ഫോഴ്‌സില്‍ സേവനമനുഷ്ഠിക്കവെ അഫ്ഗാനിസ്ഥാനിലെ ഓപ്പറേഷന്‍ എന്‍ഡ്യൂറിങ് ഫ്രീഡം ദൗത്യത്തില്‍ പങ്കാളിയായിട്ടുള്ള അനില്‍ മേനോന്‍, ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനൊപ്പം ചേര്‍ന്ന് എവറസ്റ്റ് പര്യവേക്ഷകര്‍ക്ക് മെഡിക്കല്‍ സഹായവും നല്‍കിയിട്ടുണ്ട്. റോട്ടറി അംബാസഡറിയല്‍ സ്‌കോളറായി ഇന്ത്യയിലെത്തി പോളിയോ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ചരിത്രവുമുണ്ട് ഈ മെഡിക്കല്‍ വിദഗ്ധന്.

ബഹിരാകാശ രംഗത്ത് വിപുലമായ പ്രവൃത്തിപരിചയമുള്ള അനില്‍ മേനോന്‍ 2014 ലാണ് ഫ്‌ളൈറ്റ് സര്‍ജനായി നാസയില്‍ ചേരുന്നത്. തുടര്‍ന്ന് 2018 ല്‍ സ്പേസ് എക്സിന്റെ ആദ്യ ഫ്‌ളൈറ്റ് സര്‍ജനായും മെഡിക്കല്‍ ഡയറക്ടറായും ചുമതലയേറ്റു. 2021 ഡിസംബറില്‍ നാസയുടെ ബഹിരാകാശ യാത്രികരുടെ സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദേഹം, കഠിനമായ രണ്ട് വര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ഇപ്പോള്‍ ചരിത്ര യാത്രയ്ക്ക് ഒരുങ്ങുന്നത്. അനില്‍ മേനോന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ് എന്നത് ഈ കുടുംബത്തിന്റെ മറ്റൊരു സവിശേഷതയാണ്.

എട്ട് മാസം നീളുന്ന ബഹിരാകാശ വാസത്തിനിടയില്‍ മനുഷ്യ ശരീരത്തില്‍ ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് അദേഹം വിപുലമായ പഠനങ്ങള്‍ നടത്തും. മൈക്രോ ഗ്രാവിറ്റിയില്‍ രക്തയോട്ടം, നാഡീ വ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങള്‍ എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പ്രധാന ഗവേഷണ വിഷയം. ഇതോടൊപ്പം ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐ.വി ഫ്‌ളൂയിഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യയും, ഓഗ്മെന്റഡ് റിയാലിറ്റിയും കൃത്രിമബുദ്ധിയും സമന്വയിപ്പിച്ചുള്ള അള്‍ട്രാസൗണ്ട് പരിശോധനകളും അദേഹം നിര്‍വഹിക്കും.

ഭാവിയിലെ ചൊവ്വാ ദൗത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രകളില്‍ ഭൂമിയില്‍ നിന്നുള്ള മെഡിക്കല്‍ സഹായം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് അനില്‍ മേനോന്‍ നടത്തുന്ന ഈ പരീക്ഷണങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.