സോഷ്യല്‍ മീഡിയ അടിമത്തം: മെറ്റയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്റെ അന്ത്യശാസനം; കോടികളുടെ പിഴ മുന്നറിയിപ്പ്

സോഷ്യല്‍ മീഡിയ അടിമത്തം: മെറ്റയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്റെ അന്ത്യശാസനം; കോടികളുടെ പിഴ മുന്നറിയിപ്പ്

ബ്രസല്‍സ്: ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ അഡിക്റ്റീവ് ഡിസൈനുകള്‍ ഉപയോക്താക്കളെ, പ്രത്യേകിച്ച് കൗമാരക്കാരെ ദോഷകരമായി ബാധിക്കുന്നുവെന്ന കണ്ടെത്തലുമായി യൂറോപ്യന്‍ യൂണിയന്‍. കുട്ടികളെ ആപ്പുകളില്‍ തളച്ചിടുന്ന തരത്തിലുള്ള അല്‍ഗോരിതങ്ങളിലും ഫീച്ചറുകളിലും അടിയന്തരമായി മാറ്റം വരുത്താന്‍ യൂറോപ്യന്‍ കമ്മീഷന്‍ മെറ്റയോട് ആവശ്യപ്പെട്ടു.

വീഴ്ച വരുത്തിയാല്‍ കമ്പനിയുടെ ആഗോള വാര്‍ഷിക വരുമാനത്തിന്റെ ആറ് ശതമാനം വരെ പിഴയായി ഈടാക്കുമെന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്.

2022 ലെ ഡിജിറ്റല്‍ സര്‍വീസസ് ആക്ട് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ മെറ്റ ലംഘിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അവസാനമില്ലാതെ താഴേക്ക് സ്‌ക്രോള്‍ ചെയ്യാവുന്ന ഇന്‍ഫിനിറ്റ് സ്‌ക്രോള്‍, റീല്‍സുകളും വീഡിയോകളും തനിയെ പ്ലേ ആകുന്ന സംവിധാനം, ഉപയോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉള്ളടക്കങ്ങള്‍ എത്തിക്കുന്ന പേഴ്‌സണലൈസ്ഡ് റെക്കമെന്‍ഡേഷനുകള്‍ എന്നിവ കുട്ടികളെ ഒരു തരം ഓട്ടോപൈലറ്റ് മോഡിലേക്ക് നയിക്കുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കുന്നു. റീല്‍സ്, സ്റ്റോറീസ് തുടങ്ങിയ ഫീച്ചറുകള്‍ കൗമാരക്കാരില്‍ നിര്‍ബന്ധിതമായ ഉപയോഗത്തിനും അനാരോഗ്യകരമായ മാനസികാവസ്ഥയ്ക്കും കാരണമാകുന്നുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

ഉപയോക്താക്കളെ അമിതമായി ആപ്പില്‍ തന്നെ നിലനിര്‍ത്തുന്ന ഇത്തരം സവിശേഷതകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് യൂറോപ്യന്‍ കമ്മീഷന്റെ പ്രധാന ആവശ്യം. ഇതിന് പകരമായി കൃത്യമായ ഇടവേളകളില്‍ ആപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന സ്‌ക്രീന്‍ ടൈം ബ്രേക്കുകള്‍ നിര്‍ബന്ധമാക്കണമെന്നും അമിതമായ എന്‍ഗേജ്‌മെന്റ് ലക്ഷ്യം വെക്കാത്ത രീതിയില്‍ അല്‍ഗോരിതങ്ങളില്‍ മാറ്റം വരുത്തണമെന്നും നിര്‍ദേശമുണ്ട്. ഡിജിറ്റല്‍ ലോകത്ത് യൂറോപ്യന്‍ പൗരന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹെന്ന വിര്‍ക്കുനെന്‍ വ്യക്തമാക്കി.

എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ ഈ കണ്ടെത്തലുകളോട് മെറ്റ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും രാത്രികാലങ്ങളിലെ ഉപയോഗം തടയാനും സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്താനും സഹായിക്കുന്ന ടീന്‍ അക്കൗണ്ടുകള്‍ ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് ബെന്‍ വാള്‍ട്ടേഴ്‌സ് പ്രതികരിച്ചു.

എന്നാല്‍ മെറ്റയുടെ ഈ സമയ നിയന്ത്രണ സംവിധാനങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കുന്നവയാണെന്നും സാങ്കേതിക പരിജ്ഞാനമുള്ള രക്ഷിതാക്കള്‍ക്ക് മാത്രമേ പാരന്റല്‍ കണ്‍ട്രോള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയൂ എന്നും യൂറോപ്യന്‍ യൂണിയന്‍ മറുപടി നല്‍കി. സമാനമായ ഡിസൈന്‍ തന്ത്രങ്ങള്‍ ഉപയോഗിച്ചതിന് ഫെബ്രുവരിയില്‍ ടിക് ടോക്കിനെതിരെയും യൂറോപ്യന്‍ യൂണിയന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

സോഷ്യല്‍ മീഡിയയുടെ ദോഷ ഫലങ്ങള്‍ കണക്കിലെടുത്ത്, ഓസ്‌ട്രേലിയയുടെ മാതൃകയില്‍ കുട്ടികള്‍ക്ക് ഇത്തരം പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിന് പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യവും കമ്മീഷന്റെ സജീവ പരിഗണനയിലാണ്. നിലവിലെ കണ്ടെത്തലുകള്‍ പ്രാഥമികമാണെന്നും അന്തിമ വിധിക്ക് മുന്‍പായി മെറ്റയ്ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ കൃത്യമായ സമയം അനുവദിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.