പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്തമാര കുറ്റക്കാരന്‍. പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി കെന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാ വിധി ബുധനാഴ്ച ഉണ്ടായേക്കും.
നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍കോളനിയില്‍ സുധാകരന്‍ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. 2025 ജനുവരി 27 നായിരുന്നു സംഭവം. ഒന്നര വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതിയെ പോലും വെല്ലുവിളിച്ചായിരുന്നു പ്രതിയുടെ പെരുമാറ്റം. 'ഒരു ചെകിടത്തടിച്ചാല്‍ മറ്റേ ചെകിടും കാണിച്ചു കൊടുക്കാന്‍ ഞാന്‍ ഗാന്ധിയല്ല. വേണ്ടി വന്നാല്‍ മറ്റുള്ളവരെയും കൊല്ലും. എന്നെ തൂക്കിക്കൊന്നോളൂ' - എന്നാണ് കോടതിയില്‍ ചെന്താമര പറഞ്ഞത്. എഴുതാന്‍ പറ്റുന്നത് എഴുതിക്കോ, എന്റെ അവസ്ഥ നിങ്ങള്‍ക്കുമുണ്ടാകും. അപ്പോള്‍ മനസിലാകുമെന്ന് ജഡ്ജിയോടും ഇയാള്‍ പറഞ്ഞു.
കേസിലെ വിസ്താരത്തിനിടെ സാക്ഷികളെ ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. തെളിവെടുപ്പ് സമയത്തും ഇതേ രീതിയില്‍ തന്നെയായിരുന്നു പെരുമാറ്റം. ശിക്ഷാ വിധിക്ക് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ യാതൊരു കൂസലുമില്ലാതെയാണ് പ്രതി പെരുമാറിയത്.
അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. വധശിക്ഷ അല്ലെങ്കില്‍ ജീവപര്യന്തം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചെന്താമരയ്ക്കെതിതെ തെളിഞ്ഞിരിക്കുന്നത്. ചെന്താമരയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് യാതൊരു മാനസിക പ്രശ്നവുമില്ലെന്ന ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് കോടതി എടുത്തു പറഞ്ഞു.
പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്ന കേസിലെ ഏക പ്രതിയാണ് ചെന്താമര. പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും സുധാകരന്റെ മക്കളും. സുധാകരന്റെ മക്കളായ അഖിലയും അതുല്യയും മറ്റ് ബന്ധുക്കളും കോടതിയിലെത്തിയിട്ടുണ്ട്.
2019 ല്‍ അയല്‍ വാസിയായിരുന്ന സജിതയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞു പോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചെന്താമരയ്ക്ക് കോടതി നേരത്തേ ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.