ടെഹ്‌റാനില്‍ പറന്നിറങ്ങി റഷ്യയുടെ 'ഡൂംസ്‌ഡേ' വിമാനം; കൈവിട്ട കളിയിലേക്ക് മാറുമോ പശ്ചിമേഷ്യന്‍ സംഘര്‍ഷം?..

ടെഹ്‌റാനില്‍ പറന്നിറങ്ങി റഷ്യയുടെ 'ഡൂംസ്‌ഡേ' വിമാനം; കൈവിട്ട കളിയിലേക്ക് മാറുമോ പശ്ചിമേഷ്യന്‍ സംഘര്‍ഷം?..

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം വീണ്ടും യുദ്ധസമാനമായ സാഹചര്യത്തില്‍ എത്തിനില്‍ക്കെ, തങ്ങളുടെ അത്യാധുനികമായ 'ഡൂംസ്‌ഡേ' വിമാനം ഇറാനിലേക്ക് അയച്ച് റഷ്യ.

ഇതോടെ ഇനിയുമൊരു യുദ്ധമുണ്ടായാല്‍ റഷ്യ ഇറാനൊപ്പമുണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ഇതുവരെ പരോക്ഷമായ സഹായങ്ങള്‍ നല്‍കുന്നുവെന്ന ആരോപണങ്ങള്‍ റഷ്യയ്ക്കെതിരെ അമേരിക്ക ഉന്നയിച്ചിരുന്നു.

റഷ്യയുടെ അതീവ സുരക്ഷിതമായ വാര്‍ത്താ വിനിമയ സംവിധാനങ്ങളും കമാന്‍ഡ്-ആന്‍ഡ്-കണ്‍ട്രോള്‍ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ള പറക്കുന്ന കമാന്‍ഡ് പോസ്റ്റ് ആയി അറിയപ്പെടുന്ന ടു പോളേവ് ടി.യു-214പി.യു (Tupolev Tu-214PU) വിമാനമാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ എത്തിയത്.

സാധാരണ യാത്രാ വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുദ്ധം പോലുള്ള അതീവ ഗുരുതരമായ സാഹചര്യങ്ങളില്‍ തടസമില്ലാത്ത രീതിയില്‍ സൈനിക സംവിധാനങ്ങളുമായുള്ള കമാന്‍ഡ് ഉറപ്പാക്കാന്‍ ഇതിന് സാധിക്കും. ഒരു സാധാരണ യാത്രാവിമാനമായ Tu-214 നെ അടിമുടി പരിഷ്‌കരിച്ച് ഒരു 'പറക്കുന്ന കമാന്‍ഡ് സെന്റര്‍'ആക്കി മാറ്റിയിരിക്കുകയാണ് റഷ്യ ചെയ്തിരിക്കുന്നത്.

എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയ സംവിധാനങ്ങളും സുരക്ഷിത ഡാറ്റാ ലിങ്കുകളുമാണ് ടു പോളേവിന്റെ പ്രത്യേകത. ശത്രുക്കളുടെ ഭീഷണികള്‍ക്കിടയിലും ഭരണാധികാരികള്‍ക്കും സൈനിക മേധാവികള്‍ക്കും യുദ്ധതന്ത്രങ്ങള്‍ ഏകോപിപ്പിക്കാന്‍ ഈ വിമാനം സഹായിക്കും.

ഇതിലെ 'PU' എന്ന ചുരുക്കപ്പേര് റഷ്യന്‍ ഭാഷയിലെ 'Punkt Upravleniya' (കണ്‍ട്രോള്‍ പോയിന്റ് അല്ലെങ്കില്‍ കമാന്‍ഡ് പോസ്റ്റ്) എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഒരു അടിയന്തിര സാഹചര്യമോ യുദ്ധമോ ഉണ്ടായാല്‍ റഷ്യന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ക്ക് ആകാശത്തിരുന്നുകൊണ്ടു തന്നെ രാജ്യത്തെയും സൈന്യത്തെയും നിയന്ത്രിക്കാന്‍ ഈ വിമാനം സഹായിക്കും. അതിനാല്‍ പലപ്പോഴും ഇതിനെ റഷ്യയുടെ 'ഡൂംസ്‌ഡേ വിമാനം' (Doomsday Plane) എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ആണവാക്രമണം പോലുള്ള അതീവ ഗുരുതരമായ പ്രതിസന്ധി ഘട്ടങ്ങളില്‍പോലും ആകാശത്തു നിന്ന് സൈന്യത്തിന് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഈ വിമാനത്തിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് സാധിക്കും.

റഷ്യന്‍ പ്രസിഡന്റിന്റെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും യാത്രകള്‍ നിയന്ത്രിക്കുന്ന 'റോസിയ സ്‌പെഷ്യല്‍ ഫ്‌ളൈറ്റ് സ്‌ക്വാഡ്രണ്‍' ആണ് ഈ വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. രണ്ട് പി.എസ് 90 എ ടര്‍ബോഫാന്‍ എന്‍ജിനുകളുള്ള ഈ വിമാനത്തിന് ഏകദേശം 6,500 കിലോ മീറ്റര്‍ വരെ ദൂരം ഒറ്റയടിക്ക് പറക്കാന്‍ സാധിക്കും. മണിക്കൂറില്‍ 850 കിലോ മീറ്ററാണ് ഇതിന്റെ ശരാശരി വേഗത.

തുടര്‍ച്ചയായ സുരക്ഷാ നിരീക്ഷണങ്ങള്‍ക്കും സൈനിക മേധാവികളുടെ സുരക്ഷിത യാത്രകള്‍ക്കും തന്ത്രപ്രധാനമായ നയതന്ത്ര ദൗത്യങ്ങള്‍ക്കുമായി വിരലിലെണ്ണക്കാവുന്ന Tu-214PU വിമാനങ്ങള്‍ മാത്രമാണ് റഷ്യ നിര്‍മ്മിച്ചിട്ടുള്ളത്. അത്രയും നിര്‍ണായകമായ വിമാനമാണ് ഇപ്പോള്‍ റഷ്യ ഇറാനിലേക്ക് അയച്ചിരിക്കുന്നത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിനെ കേന്ദ്രീകരിച്ച് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ വിന്യാസം. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം ശക്തമാക്കുകയും ഇറാന്‍ ശക്തമായ തിരിച്ചടിക്ക് തയാറെടുക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ റഷ്യന്‍ വിമാനം എത്തിയത് ഭൗമരാഷ്ട്രീയത്തിലെ വലിയ മാറ്റത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് അമേരിക്ക ഉക്രെയ്‌നെ സഹായിക്കുന്നതിനുള്ള തിരിച്ചടിയായാണ് റഷ്യയുടെ ഈ നീക്കം വിലയിരുത്തുന്നത്. റഷ്യയും ഇറാനും തമ്മില്‍ ഉയര്‍ന്ന തലത്തിലുള്ള ഇടപെടലിന്റെ ഭാഗമാണിതെന്നും സൈനിക-സാങ്കേതിക സഹകരണം, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കല്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.