ടെഹ്‌റാന്‍: ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യേണ്ട ലോക നേതാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഇറാനിയന്‍ പത്രം. അമേരിക്ക, ഇസ്രയേല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ നേതാക്കളാണ് 'ഹംഷഹരി' എന്ന പത്രം പ്രസിദ്ധീകരിച്ച പട്ടികയിലുള്ളത്.
ആയത്തുല്ല അലി ഖമനയിയുടെ മരണത്തിന് പകരം വീട്ടുമെന്ന പരമോന്നത നേതാവ് മുജ്താബ ഖൊമേനിയുടെ പ്രസ്താവനയോടൊപ്പം 13 വിദേശ നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍ഫോഗ്രാഫിക് കാര്‍ഡാണ് പത്രത്തിന്റെ ഓണ്‍ലൈന്‍ എഡീഷന്‍ പുറത്തുവിട്ടത്. എന്നാല്‍ പത്രത്തില്‍ ഈ പട്ടിക കൊടുത്തിട്ടില്ല.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണി, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ജര്‍മന്‍ ചാന്‍സലര്‍ ഫെഡ്രിക് മെര്‍സ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് എന്നിവരും പട്ടികയിലുണ്ട്.
അതേസമയം ആയത്തുള്ള അലി ഖൊമേനിയുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് മകനും രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവുമായ ആയത്തുള്ള മുജ്താബ ഖൊമേനി പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം പുറത്തിറക്കിയ ഔദ്യോഗിക സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
പിതാവിന്റെ 'നിഷ്‌കളങ്കമായ രക്തത്തിന്' പകരം ചോദിക്കുക എന്നത് ഇറാന്‍ ജനതയുടെ ദൃഢനിശ്ചയമാണെന്നും അത് തീര്‍ച്ചയായും നടപ്പാക്കുമെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 28 ന് അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തിലാണ് ഖൊമേനി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇറാന്റെ പരമോന്നത നേതാവായി മുജ്താബ ഖൊമേനി ചുമതലയേറ്റത്.
ശത്രുക്കള്‍ക്ക് മുന്നില്‍ ഇറാന്‍ ഒരിക്കലും മുട്ടുമടക്കില്ലെന്നും രാജ്യത്തിന്റെ പരമാധികാരത്തിനും നേതൃത്വത്തിനും നേരെയുണ്ടായ ഈ കടന്നാക്രമണത്തിന് ഉചിതമായ മറുപടി നല്‍കുമെന്നും തന്റെ സന്ദേശത്തില്‍ അദേഹം ഓര്‍മിപ്പിച്ചു. പ്രതികാരം എന്നത് കേവലം ഒരു വൈകാരിക പ്രതികരണമല്ലെന്നും അത് രാജ്യത്തിന്റെ കൂട്ടായ ഇച്ഛാശക്തിയും ജനങ്ങളുടെ ആവശ്യവുമാണെന്നും മുജ്താബ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.