ജനലുകൾക്കപ്പുറം വെടിയുണ്ടകൾ പാഞ്ഞപ്പോൾ പ്രാർഥന മാത്രമായിരുന്നു ആശ്രയം; സുഡാനിലെ യുദ്ധഭൂമിയിൽ നിന്ന് ജീവനോടെ മടങ്ങിയ സിസ്റ്റർ സിസി നകാഗിരിയുടെ അതിജീവനകഥ

ജനലുകൾക്കപ്പുറം വെടിയുണ്ടകൾ പാഞ്ഞപ്പോൾ പ്രാർഥന മാത്രമായിരുന്നു ആശ്രയം; സുഡാനിലെ യുദ്ധഭൂമിയിൽ നിന്ന് ജീവനോടെ മടങ്ങിയ സിസ്റ്റർ സിസി നകാഗിരിയുടെ അതിജീവനകഥ

ഖാർത്തൂം: തോക്കുകളുടെ ഗർജനവും ബോംബുകളുടെ സ്ഫോടനശബ്ദങ്ങളും മാത്രം മുഴങ്ങുന്ന നഗരം. എങ്ങും പുകയും രക്തവും ജീവനു വേണ്ടിയുള്ള വിലാപങ്ങളും. സുഡാനിലെ ആഭ്യന്തരയുദ്ധം രൂക്ഷമായ നാളുകളിൽ മരണം തൊട്ടരികിലെത്തിയ ദിനങ്ങളെക്കുറിച്ച് സി. സിസി നകാഗിരി എന്ന കനോസിയൻ സന്ന്യാസിനി പങ്കുവെക്കുന്ന ഓർമ്മകൾ യുദ്ധത്തിന്റെ ഭീകരതയെയും അതിജീവനത്തിന്റെ കരുത്തിനെയും അടയാളപ്പെടുത്തുന്നു.

വർഷങ്ങളായി സുഡാനിലെ ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമായി സേവനമനുഷ്ഠിക്കുകയായിരുന്നു കനോസിയൻ സന്ന്യാസിനിമാർ. എന്നാൽ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധം ആ നാടിന്റെ മുഖച്ഛായ മാറ്റി. വൈദ്യുതിയും വെള്ളവും ആഹാരവുമില്ലാതെ ദിവസങ്ങളോളം കോൺവെന്റിനുള്ളിൽ ഭയത്തോടെ കഴിഞ്ഞുകൂടേണ്ടി വന്നു അവർക്ക്. ജനലുകൾക്കപ്പുറം വെടിയുണ്ടകൾ പായുമ്പോൾ പ്രാർഥന മാത്രമായിരുന്നു ഏക ആശ്രയം.

"എന്റെ ശാരീരിക സുരക്ഷയെക്കുറിച്ചല്ല മറിച്ച് സുഡാനിലെ ജനങ്ങളെക്കുറിച്ചാണ് ഞാൻ വേദനിച്ചത്," സിസ്റ്റർ സിസി പറയുന്നു. സുരക്ഷാ സാഹചര്യം പരിധിവിട്ടതോടെ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ അവർ നിർബന്ധിതയാവുകയായിരുന്നു. ടാൻസാനിയയിലെ ദാർ എസ് സലാം അതിരൂപതയിൽ ഇപ്പോൾ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റർ സുഡാനിലെ എൽ ഒബെയ്ദ് രൂപതയിൽ 15 വർഷത്തെ സേവനമാണ് പൂർത്തിയാക്കിയത്.

മരണത്തിന്റെ നിഴൽ വീണ പാതകളിലൂടെയായിരുന്നു ആ പലായനം. യാത്ര പൂർത്തിയാക്കാൻ ഏകദേശം രണ്ടാഴ്ചയോളം വേണ്ടി വന്നു. കൊംബോനി വൈദികരുടെ ഇടവകകളിൽ താൽക്കാലിക അഭയം തേടിയും സൈനികരുടെ പരിശോധനകൾ അതിജീവിച്ചുമാണ് അവർ അതിർത്തിയിലെത്തിയത്.

ഉഗാണ്ടൻ സർക്കാരിന്റെയും സഭാ നേതൃത്വത്തിന്റെയും സമയോചിതമായ ഇടപെടലാണ് ഇവരുടെ ജീവൻ രക്ഷിച്ചത്. ചെറിയൊരു വിമാനത്തിൽ സുരക്ഷിതമായി അതിർത്തി കടക്കുമ്പോൾ താൻ ഏറെ സ്നേഹിച്ച മണ്ണിൽ ഉപേക്ഷിച്ചു പോന്ന ജനങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം മാത്രമായിരുന്നു സിസ്റ്ററിന്റെ മനസിൽ.

സുഡാനിൽ തങ്ങൾ വിതച്ച സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും വിത്തുകൾ ഒരിക്കലും നശിക്കില്ലെന്ന് സിസ്റ്റർ സിസി ഉറച്ചു വിശ്വസിക്കുന്നു. ഇന്നും ആ നാടിനോടുള്ള സ്നേഹം അവരിലുണ്ട്. "ഇനിയൊരു അവസരം ലഭിച്ചാൽ, എന്നോട് ആവശ്യപ്പെട്ടാൽ, ഈ നിമിഷം സുഡാനിലേക്ക് തിരികെപ്പോകാൻ ഞാൻ തയ്യാറാണ്"

യുദ്ധത്തിന് തകർക്കാൻ കഴിയാത്തത് മനുഷ്യന്റെ ഉള്ളിലെ പ്രത്യാശയെയും കാരുണ്യത്തെയുമാണെന്ന് ഈ കനോസിയൻ സന്ന്യാസിനിയുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. രാജ്യം വീണ്ടും സമാധാനത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയോടെ ആ ജനതയെ വീണ്ടും ശുശ്രൂഷിക്കാൻ കഴിയുന്ന നാളുകൾക്കായി കാത്തിരിക്കുകയാണ് സിസ്റ്റർ സിസി നകാഗിരി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.