പൗരത്വം നിര്‍ണയം നീതിപൂര്‍വമാകണം'; അസമില്‍ 27 പേരെ വിദേശികളായി മുദ്രകുത്തിയ വിധി തള്ളി സുപ്രീം കോടതി

പൗരത്വം നിര്‍ണയം നീതിപൂര്‍വമാകണം'; അസമില്‍ 27 പേരെ വിദേശികളായി മുദ്രകുത്തിയ വിധി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: പൗരത്വം നിര്‍ണയിക്കുന്നതും ഒരാളെ വിദേശിയായി പ്രഖ്യാപിക്കുന്നതും നീതി പൂര്‍വമായിരിക്കണമെന്ന് സുപ്രീം കോടതി. അസമിലെ ട്രൈബ്യൂണലുകള്‍ 27 പേരെ വിദേശികളായി മുദ്രകുത്തിയതിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. പൗരത്വവും വിദേശിയെന്ന പദവിയും ഭരണഘടനാപരമായും നിയമപരമായും വലിയ പ്രാധാന്യമര്‍ഹിക്കുന്നവയാണെന്നും കോടതി വ്യക്തമാക്കി.

പൗരത്വത്തിന് അര്‍ഹതയില്ലാത്തവര്‍ വ്യാജ രേഖകളിലൂടെയോ തെറ്റായ അവകാശ വാദങ്ങളിലൂടെയോ ഇന്ത്യന്‍ പൗരത്വം നേടുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ തടയേണ്ടത് പ്രധാനമാണ്. എന്നാല്‍ അതിന്റെ പേരില്‍ ഒരാളോട് അനീതി കാട്ടാനോ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതിരിക്കാനോ സര്‍ക്കാരിന് കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ ഗുവാഹത്തി ഹൈക്കോടതിയുടെയും ട്രൈബ്യൂണലുകളുടെയും വിധികള്‍ സുപ്രീം കോടതി തള്ളി. ട്രൈബ്യൂണലുകള്‍ കേസില്‍ അടുത്ത വാദം കേള്‍ക്കുന്നതുവരെ വിദേശികളായി മുദ്രകുത്തപ്പെട്ട 27 പേര്‍ക്കെതിരെ നിര്‍ബന്ധിത നടപടി സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

സാബിത്രി ദേ, അജ്ബാഹര്‍ അലി, മിദ് അക്ബര്‍ അലി, അബേദ കാതൂന്‍, അനോവര കാത്തൂന്‍ എന്നിവരുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പഴയ വോട്ടര്‍ പട്ടികയില്‍ പേരിലുണ്ടായ അച്ചടി പിശകുകളുടെ പേരില്‍ തങ്ങളെ വിദേശികളായി പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ഹര്‍ജിക്കാരുടെ പൗരത്വം സംബന്ധിച്ച തെളിവുകള്‍ പരിശോധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. തങ്ങളുടെ ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ 1971 ന് മുന്‍പുള്ള പാരമ്പര്യ രേഖകള്‍, വോട്ടര്‍ പട്ടിക, ഭൂമി രേഖകള്‍ എന്നിവ ഹര്‍ജിക്കാര്‍ ഹാജരാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.