തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഘടകം നല്‍കിയ പട്ടികയ്ക്ക് ചില മാറ്റങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി ഇന്നലെ അനുമതി നല്‍കിയിരുന്നു.
115 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. അതേസമയം എല്ലാ സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ ഉടനെ പ്രഖ്യാപിക്കില്ലെന്നും മറ്റ് മുന്നണികളുടെ സ്ഥാനാര്‍ഥികളെകൂടി അറിഞ്ഞ ശേഷം മാത്രമേ ചില പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകൂവെന്നും സൂചനയുണ്ട്.
മഞ്ചേശ്വരത്ത് നിന്നാകും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ജനവിധി തേടുക. കോന്നിയിലും സുരേന്ദ്രന്റെ പേര് സജീവമാണെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വമാകും തീരുമാനത്തിലെത്തുക. കഴക്കൂട്ടത്ത് ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ഉണ്ടാകും എന്ന സൂചനയും ബിജെപി നേതാക്കള്‍ നല്‍കുന്നു. ബിജെപി ഇത്തവണ വിജയ സാധ്യത കല്‍പിക്കുന്ന മണ്ഡലം കൂടിയാണ് കഴക്കൂട്ടം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും കളത്തിലിറങ്ങുന്ന കഴക്കൂട്ടത്ത് എസ് എസ് ലാല്‍ ആകും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന.
നടന്‍ സുരേഷ് ഗോപി തിരുവനന്തപുരത്ത് ഏതെങ്കിലും സീറ്റിലോ തൃശൂരിലോ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ടെങ്കിലും ന്യൂമോണിയ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ മത്സര രംഗത്തുണ്ടാകുമോ എന്ന് ഉറപ്പില്ല. പാലക്കാട് ഇ. ശ്രീധരനും കോഴിക്കോട് നോര്‍ത്തില്‍ എം.ടി രമേശും കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും ചെങ്ങന്നൂരില്‍ ആര്‍ ബാലശങ്കറും മല്‍സരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.